തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം പ്രത്യേക വിമാനം അനുവദിച്ചാൽ അവരെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. പ്രവാസികൾ തിരിച്ചു വരുമ്പോൾ സൗകര്യങ്ങൾ ഉറപ്പാക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ചു. പ്രാഥമികമായ കണക്ക് അനുസരിച്ച് മലപ്പുറം,കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് കൂടുതൽ പ്രവാസികൾ എത്താൻ സാധ്യത. വരുന്ന യാത്രക്കാരുടെ വിവരം വിമാനം അവിടുന്ന് പുറപ്പെടും മുമ്പുതന്നെ ലഭ്യമാക്കണമെന്ന് വ്യോമയാന വിദേശകാര്യ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
നാട്ടിലെത്താനായി 159 രാജ്യങ്ങളിൽ നിന്നായി 2.76 ലക്ഷത്തിൽ അധികം പ്രവാസികൾ നോർക്കയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ പ്രവാസികളുടെ വിവരശേഖരണത്തിന് നോർക്കയെ ചുമതലപ്പെടുത്തി. നാട്ടിലെത്തുന്ന പ്രവാസികളുടെ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഓരോ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കലക്ടർമാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. എല്ലാ വകുപ്പിലെയും പ്രതിനിധികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെ സമുദ്രമാർഗം എത്തിക്കാനുള്ള സാധ്യത കേന്ദ്ര സർക്കാർ പരിശോധിക്കണം, അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ തുറമുഖം കേന്ദ്രീകരിച്ചുള്ള പരിശോധന സംവിധാനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വിമാനത്താവളങ്ങളിൽ വിപുലമായ പരിശോധനക്കായി ഡോക്ടർമാർ, പരാമെഡിക്കൽ സ്റ്റാഫ് എന്നിവര നിയോഗിക്കും. തിക്കും തിരക്കും ഇല്ലാതെ സുഗമമായി പ്രവാസികളെ എത്തിക്കാനായി പൊലീസിനെ ചുമതലപ്പെടുത്തും.
രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ നിരീക്ഷിക്കും കൂടാതെ പൊലീസിന്‍റെ സഹായത്തോടെ ഇവരെ വീടുകളിൽ എത്തിക്കും. വീടുകളിൽ ക്വാറന്‍റൈനിൽ കഴിയുന്നവരെ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പ്രവർത്തകര്‍ സന്ദർശിക്കും. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് എല്ലാ ദിവസവും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണമുള്ളവർക്ക് എയർപോർട്ടുകൾക്ക് സമീപം ക്വാറന്‍റൈയിൽ സജ്ജമാക്കും. വീടുകളിൽ ക്വാറന്‍റൈനിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്ക് സർക്കാർ ഒരുക്കുന്ന ക്വാറന്‍റൈനിൽ കഴിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.