തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവാസികള്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ നാട്ടിലെത്തുന്ന പ്രവാസികളില്‍ രോഗലക്ഷണമുള്ളവര്‍ മാത്രമേ സമ്പര്‍ക്ക വിലക്കില്‍ കഴിയേണ്ടതുള്ളൂവെന്ന് ഇന്നത്തെ അവലോകന യോഗം നിര്‍ദേശിച്ചു. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പരിശോധനയും ആവശ്യമുള്ളൂ.
അന്താരാഷ്ട്ര യാത്രികര്‍ എത്തിയതിന്‍റെ എട്ടാം ദിവസം ആര്‍ടിപിസിആര്‍ ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്‌ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള ടെസ്റ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമേ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.
Also read: രോഗവ്യാപനം കുറയുന്നു; കൂടുതൽ ഇളവുകൾ, ഞായറാഴ്ച ആരാധനയ്ക്ക് അനുമതി
നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം ആര്‍ടിപിസിആര്‍ പരിശോധന എന്ന കേന്ദ്രമാര്‍ഗനിര്‍ദേശത്തില്‍ കേരളം ഇളവ് നല്‍കിയിരുന്നു. ആന്‍റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്ന ഇളവാണ് നിലവില്‍ നല്‍കിയിരുന്നത്. ഒപ്പം ഹ്രസ്വസന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ ഇളവും നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍, പ്രവാസികള്‍ക്ക് മാത്രമായി ഒരു കര്‍ശന നിയന്ത്രണം വേണ്ടെന്ന് കൊവിഡ് വിദഗ്‌ധ സമിതി നിര്‍ദേശിച്ചിരുന്നു. ഇതാണ് ഇന്നത്തെ അവലോകന യോഗം അംഗീകരിച്ചത്.