തിരുവനന്തപുരം: വാണിജ്യ ബാങ്കുകളുടെ സഹകരണത്തോടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷന്‍ കടകളിലും എടിഎമ്മുകള്‍ തുറക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പഞ്ചായത്തില്‍ ഒരു റേഷന്‍ കടയിലാകും എടിഎം സേവനം ലഭിക്കുക.
നഗരമേഖലകളില്‍ രണ്ടോ അതിലധികമോ എണ്ണം സ്ഥാപിക്കും. സംസ്ഥാന വ്യാപകമായി രണ്ടായിരത്തോളം റേഷന്‍കടകളില്‍ എടിഎം സേവനം ആരംഭിക്കാനാണ് ശ്രമം. റേഷന്‍ കാര്‍ഡുകള്‍ എ.ടി.എം രൂപത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്.
ബാങ്കിങ്ങ് സേവനങ്ങല്‍ കുറവായ ഗ്രാമീണ മലയോര മേഖലകളെ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതോടൊപ്പം തന്നെ എടിഎം ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും റേഷന്‍ സേവനങ്ങള്‍ ഉറപ്പാക്കാനാണ് ശ്രമം. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നീ വാണിജ്യ ബാങ്കുകളുമായാണ് സര്‍ക്കാര്‍ നിലവില്‍ ധാരണയിലെത്തിയിരിക്കുന്നത്.
പണം എങ്ങനെ പിന്‍വലിക്കാം?
റേഷന്‍ ഡീലര്‍മാരുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വഴിയാണ് സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ ലഭിക്കുക. ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടുമായി സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കും. ഇതിനായി സര്‍ക്കാര്‍ ധാരണയിലെത്തിയ ബാങ്കുകളില്‍ ഗുണഭോക്താവ് അക്കൗണ്ട് എടുക്കണം.
നിലവിലുള്ള അക്കൗണ്ടുകളും റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാം. റേഷന്‍ കടകളില്‍ നിന്ന് പിന്‍വലിക്കാനുളള തുക ഈ അക്കൗണ്ടില്‍ ബാലന്‍സ് ഉറപ്പാക്കണം. ഇവയെല്ലാം ഉറപ്പാക്കിയാല്‍ റേഷന്‍ കടയില്‍ നിന്നും പണം പിന്‍വലിക്കാം. ഇടപാട് നടത്താനുള്ള തുക ബാങ്കുകള്‍ റേഷന്‍ കട ലൈസന്‍സിക്ക് നല്‍കും.
ബാങ്കുകള്‍ അനുവദിച്ചതില്‍ കൂടുതല്‍ പണത്തിന്‍റെ ഇടാപാട് നടന്നാല്‍ റേഷന്‍ കട ലൈസന്‍സിക്ക് കൈയില്‍ നിന്നും പണം നല്‍കാം. ഈ തുക അന്നേ ദിവസം തന്നെ ലൈസന്‍സിയുടെ അക്കൗണ്ടില്‍ ലഭിക്കും. ഒരോ ഇടാപാടിനും റേഷന്‍കട ലൈസന്‍സിക്ക് കമ്മീഷന്‍ ലഭിക്കുകയും ചെയ്യും. ഇതിനുവേണ്ട പരിശീലനം റേഷന്‍ കട ലൈസന്‍സികള്‍ക്ക് നല്‍കും.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍
ബാങ്കിങ്ങ് സൗകര്യങ്ങള്‍ കുറവുള്ള ഗ്രാമ മലയോര മേഖല എന്നിവിടങ്ങളില്‍ ബാങ്കിങ്ങ് സേവനം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാറിന്‍റെ ശ്രമം. ഒപ്പം എടിഎം സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് പണം ലഭ്യത ഉറപ്പാക്കുകയും ലക്ഷ്യമിടുന്നു.
ക്ഷേമ പെന്‍ഷന്‍ അടക്കം ലഭിക്കുന്ന വയോധികര്‍ക്ക് പദ്ധതി ഗുണം ചെയ്യും. പണമില്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും റേഷന്‍ ലഭിക്കാതിരിക്കരുതെന്നതുംപദ്ധതി നടപ്പിലാക്കുന്നതിലൂടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
ഓണ്‍ലൈന്‍ സേവനങ്ങളും ഉടന്‍
റേഷന്‍ കടകളിലൂടെ കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നുണ്ട്. എടിഎം വഴി പണം പിന്‍വലിക്കുന്നതിനൊപ്പം നിക്ഷേപിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. റേഷന്‍ കടകളിലെ ഇപോസ് യന്ത്രത്തില്‍ കൈവിരല്‍ പതിയുന്നില്ലെന്ന് വ്യാപക പരാതി വ്യാപകമായതിനാല്‍ റെക്ടിന തിരിച്ചറിയുന്ന തരം സംവിധാനങ്ങള്‍ നടപ്പിലാക്കും.
ഇതോടൊപ്പം റേഷന്‍ കടകളോട് ചേര്‍ന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ അക്ഷയ മാതൃകയില്‍ ഇസേവന കേന്ദ്രങ്ങളും ആരംഭിക്കും.