തിരുവനന്തപുരം: സംസ്ഥാനത്ത് 416 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 112 പേർക്ക് രോഗമുക്തി. ആദ്യമായാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 400 കടക്കുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 204 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. വിദേശത്ത് നിന്നെത്തിയ 123 പേർക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 51 പേർക്കും രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സമ്പര്‍ക്കത്തിലൂടെയുളള രോഗബാധിരുടെ എണ്ണം പുറത്ത് നിന്ന് എത്തിയ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ആകുന്നത്. വ്യാഴാഴ്ച 133 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്തോ -ടിബറ്റൻ ബോർഡർ പൊലീസിലെ 35 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നത് അപകടകരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പർക്ക രോഗികളുടെ തോത് 20.6 ശതമാനമായി. ജൂണ്‍ 27ന് 5.11% ആയിരുന്നു സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗത്തിന്‍റെ തോത്. ജൂണ്‍ 30ന് ഇത് 6.16 ശതമാനമായി. ജൂലായ് 10ന് 20.64 ശതമാനമായി ഇത് ഉയര്‍ന്നു. വേണ്ട ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കേരളം പോലെയുള്ള ജന സാന്ദ്രത കൂടിയ സംസ്ഥാനത്ത് മുഴുവൻ രോഗം വ്യാപിക്കാന്‍ അധികം സമയം വേണ്ടി വരില്ല. ഒരു വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് മനസിലാക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാനത്ത് മാത്രം ഇന്ന് 129 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട- 32, പാലക്കാട്- 28, കൊല്ലം- 28, കണ്ണൂർ- 23, എറണാകുളം- 20, തൃശൂർ-17, കാസർകോട്-17, കോഴിക്കോട്-17, ഇടുക്കി- 12, കോട്ടയം 7 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.
തിരുവനന്തപുരം -5, ആലപ്പുഴ-24, കോട്ടയം-9, ഇടുക്കി-4, എറണാകുളം-4, തൃശൂർ-19, പാലക്കാട്- 8, മലപ്പുറം-18, വയനാട്- 4, കണ്ണൂർ-14, കാസർകോട്-3 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3099 ആയി. സംസ്ഥാനത്ത് 3822 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,112 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,595 പേര്‍ വീട്/ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 3517 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 472 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11, 693 സാമ്പിളുകൾ പരിശോധിച്ചു. റുട്ടീന്‍ സാമ്പിള്‍, ഓഗ്‌മെന്‍റഡ് സാമ്പിള്‍, സെന്‍റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്‍റില്‍, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,20,485 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4525 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതു കൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന ഗ്രൂപ്പുകളില്‍ നിന്ന് 70,122 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 66,132 സാമ്പിളുകള്‍ നെഗറ്റീവായി.
ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (കണ്ടെയ്മെന്‍റ് സോണ്‍: വാര്‍ഡ് 3, 4, 11, 12, 13), സുല്‍ത്താന്‍ ബത്തേരി (19, 22, 24), മുള്ളംകൊല്ലി (6, 7, 8, 9), എറണാകുളം ജില്ലയിലെ വാരാപ്പുഴ (14 മാര്‍ക്കറ്റ്), തൃപ്പുണ്ണിത്തുറ മുന്‍സിപ്പാലിറ്റി (14), പാലക്കാട് ജില്ലയിലെ തൃത്താല (13), ഷൊര്‍ണൂര്‍ (19), തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (6, 7), അന്നമനട (17), കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ (16), ചെറുപുഴ (5), കൊല്ലം ജില്ലയിലെ ചവറ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ പാറത്തോട് (8), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (5, 6, 14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം, ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. എറണാകുളം ജില്ലയിലെ നായരമ്പലം (കണ്ടെയ്മെന്‍റ് സോണ്‍: വാര്‍ഡ് 2) പ്രദേശത്തെയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 194 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.