തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കേരള ജനപക്ഷം നേതാവ് പി.സി. ജോർജിനെ എ.ആര്‍ ക്യാമ്പിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പടുത്തുക. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പി.സി ജോര്‍ജിനെ കൊണ്ടുവരുന്ന വഴിയില്‍ രാവിലെ 9.45ഓടെ വട്ടപ്പാറയില്‍ വച്ച് ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജിന്‍റെ വാഹനം തടയുകയും അഭിവാദ്യം അര്‍പ്പിച്ച് ഷാളയണിയിക്കുകയും ചെയ്തു. അപ്രതീക്ഷിത നീക്കമായിരുന്നതിനാല്‍ പൊലീസിന് ഇത് തടയാൻ കഴിഞ്ഞില്ല. 10മണിയോടെ നാലാഞ്ചിറ എത്തിയപ്പോള്‍ പിസി ജോര്‍ജിന്‍റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയും ചീമുട്ട എറിയുകയും ചെയ്തു. എ.ആര്‍ ക്യാമ്പിന് സമീപത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു.
പൊലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിലിയെടുത്തപ്പോള്‍ പൊലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. പി സി ജോർജ് സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് വന്നത്. മകൻ ഷോൺ ജോർജും ഒപ്പം ഉണ്ടായിരുന്നു. പി സി ജോർജിനെ കൊണ്ടുവരുന്ന വഴിയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കിയത്.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിൻ്റെ നിർദേശപ്രകാരമാണ് നടപടി.153 എ വകുപ്പ് പ്രകാരമാണ്പി. ഇത് കൂടാതെ പി.സി. ജോർജിനെതിരെ 295 A എന്ന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. സമൂഹത്തിൽ ഭീതി വിതക്കും വിധം പ്രസംഗിച്ചതിനാണ് പുതിയ വകുപ്പ്.
കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്‌ലിം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.