തിരുവനന്തപുരം : വടകര എംഎല്‍എ കെ.കെ രമക്കെതിരെ സിപിഎം നേതാവ് എം.എം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം പരസ്യമായി പിന്‍വലിച്ചു. പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണെന്ന് ഇതുസംബന്ധിച്ച് സ്‌പീക്കര്‍ എം.ബി രാജേഷ് വിശദമായി റൂളിങ് നല്‍കിയതിന് പിന്നാലെയാണ് നിയമസഭയില്‍ എം.എം മണി പരാമര്‍ശം പിന്‍വലിച്ചത്. സ്‌പീക്കറുടെ റൂളിങ് താന്‍ മാനിക്കുന്നു.
ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പരാമര്‍ശം താന്‍ പിന്‍വലിക്കുകയാണെന്ന് ഭരണ കക്ഷി അംഗങ്ങളുടെ ആഹ്ളാദാരവങ്ങള്‍ക്കിടെ എം.എം മണി പറഞ്ഞു. അണ്‍പാര്‍ലമെന്‍ററിയായ വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ പോലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാമെന്ന് വിശദമായ റൂളിങില്‍ സ്‌പീക്കര്‍ പറഞ്ഞു.
സ്‌പീക്കറുടെ റൂളിങ് : ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ഥമാകണമെന്നില്ല. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ എം.എം മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്‍റെ അഭിപ്രായം. അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നുപോകുന്നതല്ല.
അണ്‍പാര്‍ലമെന്‍ററിയായ പദം നീക്കം ചെയ്യുകയും അനുചിതമായത് അംഗം സ്വയം പിന്‍വലിക്കുകയുമാണ് നടപടിക്രമം. എം വിന്‍സെന്‍റ് കഴിഞ്ഞ ദിവസം നടത്തിയ ഇത്തരത്തിലുള്ള ഒരു പ്രസ്‌താവന കാനത്തില്‍ ജമീല ക്രമപ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ച അനുഭവമുണ്ട്. എം.എം മണിയും ചെയറിന്‍റെ ഈ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പരാമര്‍ശം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌പീക്കര്‍ റൂളിങ്ങില്‍ വ്യക്തമാക്കി.
വിവാദമായ പരാമര്‍ശം : ഇതിന് തൊട്ടുപിന്നാലെ എഴുന്നേറ്റ എം.എം മണി പരാമര്‍ശം പിന്‍വലിക്കുന്നതായി സഭയെ അറിയിക്കുകയായിരുന്നു. ജൂലായ് 13ന് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ എം.എം മണി നടത്തിയ പരാമര്‍ശം സഭയില്‍ വന്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കുകയും പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അന്ന് സഭ ബഹിഷ്‌കരിക്കുകയും ചെയ്‌തിരുന്നു.
രേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവര്‍ ക്രമപ്രശ്‌നം ഉന്നയിക്കുകയും സഭാരേഖകള്‍ വിശദമായി പരിശോധിച്ച് പിന്നീട് തീര്‍പ്പുകല്‍പ്പിക്കാമെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് ജൂലൈ 15ന് അറിയിക്കുകയുമായിരുന്നു. എം.എം മണിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്ന ബഹളത്തെ തുടര്‍ന്ന് ജൂലൈ 14ന് സഭ സ്‌തംഭിക്കുകയും ചെയ്‌തിരുന്നു.