തിരുവനന്തപുരം: സെപ്‌തംബര്‍ 28ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സര ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത് വി നായര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുപോയത് സംഘാടകരെ അതിശയിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. ഇന്ന് ഇരു ടീമുകളുടെയും പരിശീലന മത്സരവും ക്യാപ്‌ടന്‍മാരുടെ വാര്‍ത്ത സമ്മേളനവുമുണ്ട്. ടിക്കറ്റുകള്‍ക്ക് ഇത്രയേറെ പ്രതികരണം ഉണ്ടായത് ഭാവിയില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ തിരുവനന്തപുരത്തിന് ലഭിക്കുന്നതിന് കാരണമാകും.
അന്താരാഷ്ട്ര വനിത ടി20 മത്സരത്തിന് തിരുവനന്തപുരം വേദിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനുവരിയില്‍ ഇന്ത്യ-ന്യൂസിലൻഡ് ഏകദിന മത്സരവും തിരുവനന്തപുരത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്. ടിക്കറ്റ് ഏതാണ്ട് പൂര്‍ണമായി വിറ്റു പോയത് ഫ്രാഞ്ചൈസികള്‍ക്കും തിരുവനന്തപുരം ഭാവിയില്‍ വേദിയാക്കാന്‍ കാരണമാകും.
ALSO READ: ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം അലങ്കോലമാക്കാൻ ശ്രമം; ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി കെസിഎ
ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തുമെന്നും ശ്രീജിത് പറഞ്ഞു. 27ന് വൈകിട്ട് 7ന് മത്സരം ആരംഭിക്കും. പൊതുവെ ബാറ്റിംഗിന് അനുകൂലമായ വിക്കറ്റാണ് തിരുവനന്തപുരത്തേതെന്നാണ് ക്യൂറേറ്റര്‍മാരുടെ വിലയിരുത്തല്‍.