തിരുവനന്തപുരം: ലക്ഷദ്വീപിൽ ജനങ്ങളെ കേന്ദ്ര സർക്കാർ വെല്ലുവിളിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അഡ്‌മിനിസ്ട്രേറ്ററെ ഉപയോഗിച്ച് അശാന്തി സൃഷ്‌ടിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. ഇൻ്റർനെറ്റ് സംവിധാനം പോലും വിച്ഛേദിക്കാനാണ് നീക്കം. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു. എഐസിസി പ്രതിനിധികൾ ലക്ഷദ്വീപിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അഡ്‌മിനിസ്ട്രേറ്ററെ മടക്കിവിളിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
നുണകൾ വെളിച്ചത്ത് വരുമ്പോഴുള്ള വിഭ്രാന്തി മൂലമാണ് ട്വിറ്റർ ഓഫീസിൽ കേന്ദ്രസർക്കാർ റെയ്‌ഡ് നടത്തിയത്. ഭീഷണിപ്പെടുത്തി ഒപ്പം നിർത്താനാണ് ശ്രമമെന്നും റെയ്‌ഡ് ഫാസിസ്റ്റ് നയമാണെന്നും ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചു. അതേസമയം, പുതിയ കെപിസിസി അധ്യക്ഷനെ വ്യവസ്ഥാപിത രീതിയിൽ തീരുമാനിക്കുമെന്നും പരാജയം പഠിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.