തിരുവനന്തപുരം: അതിർത്തികള്‍ അടച്ച കര്‍ണാടകയുടെ നടപടിക്കെതിരെ കേരളം കേന്ദ്രത്തെ സമീപിച്ചു. തലശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കണ്ണൂർ മാക്കൂട്ടം ചുരം പാതയിൽ മണ്ണ് നിറച്ചാണ് കര്‍ണാടക സമ്പൂർണ ഗതാഗത വിലക്ക് ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച്ച വൈകിട്ടോടുകൂടിയാണ് കൂട്ടുപുഴ അതിർത്തിയിൽ ബാരിക്കേഡ് വെച്ച് കർണാടക പൊലീസ് ഗതാഗതം പൂർണമായും തടസപ്പെടുത്തിയത്. ഇതോടെ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടുകയായിരുന്നു. കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഇതേസമയം തന്നെ കർണാടക ഐജി വിപിൽ കുമാർ ,എസ്.പി സുമൻ പലേക്കർ എന്നിവരും കേരളാ അതിർത്തിയിൽ കണ്ണൂർ എസ്.പി യുമായി ചർച്ച നടത്തി. സ്ഥലത്തെത്തിയ കുടക് കലക്ടർ ആനീസ് കൺമണി ജോയ് മണ്ണിട്ട് അടക്കാൻ നിർദ്ദേശം നൽകി മടങ്ങിയതായി അറിയിച്ചു. എന്നിരുന്നാലും ആവശ്യ സർവീസുകൾ കടത്തിവിടേണ്ടത് കൊണ്ട് റോഡ് അടയ്ക്കരുത് എന്ന ധാരണ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായെങ്കിലും ഇതേ സമയം തന്നെ കൂട്ടുപുഴ പാലത്തിൽ 300 മീറ്റർ അകലെ റോഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് ഇടാൻ തുടങ്ങിയിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പ്രവർത്തി നിർത്തിവെക്കാൻ ആവശ്യപ്പെടുകയും കർണാടക എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തി നിർത്തിവപ്പിക്കുകയും ചെയ്തു. തുടർന്ന് കണ്ണൂർ എസ്.പി കുടക് കളക്ടറെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ചർച്ചയുടെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന കുടക് എസ്.പി കുടക് കലക്ടറെ ബന്ധപ്പെട്ടപ്പോൾ ഉന്നതതല തീരുമാനമാണെന്നും റോഡ് അടക്കാതെ നിർവാഹം ഇല്ല എന്നും അറിയിച്ചു.
പിന്നാലെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്‍റെ പ്രധാനപ്പെട്ട പാതയാണിത്. ദേശീയവ്യാപകമായി ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയ കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ട് അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടുകയും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് കർണാടക ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തും.