തിരുവനന്തപുരം :കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യക അന്വേഷണ സംഘം. തലയ്‌ക്കേറ്റ മുറിവുകളാണ് മരണകാരണമെന്ന രാസപരിശോധന ഫലത്തെ തുടന്നാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ സംഘം തീരുമാനിച്ചത്. കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹമരണങ്ങളും സ്വത്ത് തട്ടിപ്പും അന്വേഷിക്കണമെന്നാണ് കുടംബാംഗമായ പ്രസന്നകുമാരിയും പൊതു പ്രവര്‍ത്തകനായ അനില്‍കുമാറും പരാതി നല്‍കിയത്. മരണങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമല്ലാത്തതിനാല്‍ സ്വത്ത് തട്ടിപ്പ് മാത്രമാണ് ആദ്യഘട്ടത്തില്‍ പരിഗണനയിലുണ്ടായിരുന്നത്.
അവസാനം മരിച്ച ജയദേവന്‍ നായരുടെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തത്. ഈ മരണത്തിലെ രാസപരിശോധന ഫലം കഴിഞ്ഞദിവസം പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ മരണകാരണം തലയ്‌ക്കേറ്റ മുറിവുകളാണെന്ന് വ്യക്തമാക്കിയിരുന്നു. ജയദേവന്‍ നായരുടെ നെറ്റിയിലും മൂക്കിലുമാണ് മുറിവുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ദുരൂഹമായ മരണങ്ങളില്‍ കൂടി അന്വേഷണം വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
വിശദമായ രാസപരിശോധനാഫലം ലഭിച്ചതിനു പിന്നാലെ കുടംബത്തിലെ കാര്യസ്ഥനും സ്വത്ത് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുമായ രവീന്ദ്രന്‍ നായരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. രവീന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണ് സ്വത്ത് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍ കലക്‌ടര്‍ മോഹന്‍ദാസ് കേസിലെ പത്താം പ്രതിയാണ്. കുടംബത്തിലെ മറ്റൊരു കാര്യസ്ഥനായിരുന്ന സുദേവന്‍, മോഹന്‍ദാസിന്റെ ഭാര്യ മായാദേവി, ജയദേവന്‍ നായരുടെ ബന്ധുക്കളായ ലതാദേവി, ശ്യാംകുമാര്‍, സരസദേവി, സുലോചന ദേവി, വി.ടി.നായര്‍,ശങ്കരമേനോന്‍ വീട്ടുജോലിക്കാരിയായ ലീല, വില്‍പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ട അനില്‍കുമാര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.
മരണത്തിലെ ദുരൂഹതകൂടി പുറത്ത് വരുമ്പോള്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തുന്നത് സംബന്ധിച്ച നിയമ വശങ്ങള്‍ പരിശോധിക്കുകയാണ് അന്വേഷണ സംഘം. രാസപരിശോധന ഫലം വന്നതോടെ പരാതിക്കാരുടെയും പ്രതിപട്ടികയിലുള്ളവരുടേയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഡി.സി.പി മുഹമ്മദ് ആരിഫിന്റെ മേല്‍നോട്ടത്തില്‍ പത്തംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്. ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ എം.എസ്.സന്തോഷാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.