തിരുവനന്തപുരം: സ്പ്രിംഗ്ലർ ഇടപാടിൽ സർക്കാരിന്‍റെ മലക്കം മറിച്ചിലിൽ ദുരൂഹതയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സർക്കാരിന് ഡേറ്റ ശേഖരണത്തിനും വിശകലനത്തിനും സംവിധാനമില്ലെന്നാണ് നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നത്. നിലപാട് മാറ്റത്തിനു പിന്നിലെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മരുന്ന് മാഫിയകളെ സഹായിക്കാൻ വേണ്ടിയാണ് സ്പ്രിംഗ്ലറുമായി കരാറുണ്ടാക്കിയത്. സർക്കാരിന് പി.ആർ കമ്പനിയുടെ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ബ്രസീൽ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമങ്ങളിൽ കേരള സർക്കാരിന്‍റെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുകയാണ്. ബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമുള്ള രണ്ട് പേരാണ് കൊവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽ പരസ്യം നൽകിയത്.
അന്തർദേശിയ മരുന്ന് മാഫിയകളെ സഹായിക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നും സംഭവം പുറത്തു വന്നതുകൊണ്ടാണ് ഹൈക്കോടതിയിലെ മലക്കം മറിച്ചിലെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതു സംബന്ധിച്ച സത്യാവസ്ഥ മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.