തിരുവനന്തപുരം: മോന്‍സൺ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ രാഷ്ട്രീയ പ്രചാരണം എല്ലാ വിവരങ്ങളും പുറത്തു വന്ന ശേഷം മതിയെന്ന് സിപിഎം. കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. വിവരങ്ങള്‍ പുറത്തു വന്ന് കാര്യങ്ങളില്‍ വ്യക്തത വന്ന ശേഷം മതി സുധാകരനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള പ്രചാരണങ്ങളെന്ന് വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
മോന്‍സണ് സുധാകരനുമായി അടുത്ത വ്യക്തി ബന്ധമുണ്ടെന്നാണ് പ്രഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരികയുള്ളു. അതിനു മുമ്പ് സുധാകരനെതിരെ നടത്തുന്ന പ്രചാരണം തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹറയടക്കമുള്ളവര്‍ പരാമര്‍ശിക്കപ്പെട്ട കേസില്‍ നടക്കുന്ന അന്വേഷണത്തിന്‍റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരിച്ചു. അന്വേഷണം നല്ല നിലയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മോന്‍സൺ മാവുങ്കലുനെതിരായ കേസുകളില്‍ പൊലീസിനുണ്ടായ വീഴ്‌ചയും യോഗം പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം വിശദാംശങ്ങള്‍ പുറത്തു വരാനുണ്ടെന്നും ഇതിനു ശേഷം നടപടികളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
READ MORE: മോണ്‍സണിന്‍റെ കാറുകളില്‍ കരീന കപ്പൂറിന്‍റെ പേരിലുള്ള കാറും