തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം ചേർന്നെന്നും അത് പരിശോധിക്കാൻ താൻ ആളെ വിട്ടെന്നുമുള്ള പ്രചാരണങ്ങൾ നിഷേധിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പരിശോധന നടത്താൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ കാണാൻ പോയവർ തന്നെയും കണ്ടിരുന്നു. പുനഃസംഘടന നടക്കുന്നതിനാൽ പല നേതാക്കളും വന്ന് കാണാറുണ്ട്. മികച്ച ഐക്യത്തോടെയാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. അതിന് വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല.
റെയ്‌ഡ് പ്രചാരണം സംബന്ധിച്ച് വിവാദം ഉണ്ടായപ്പോൾ വി.ഡി സതീശനുമായി ആശയവിനിമയം നടത്തിയിരുന്നു. ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു പ്രവർത്തനങ്ങൾക്കും മുതിരില്ല. ആഭ്യന്തര ജനാധിപത്യം പൂർണ്ണമായും ഉറപ്പുനൽകുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്നും കെ സുധാകരൻ പറഞ്ഞു.