തിരുവനന്തപുരം: കേരളം കൊവിഡ് വ്യാപനത്തിന്‍റെ കാര്യത്തിൽ സെമിഹൈസ്‌പീഡല്ല ഹൈസ്പീഡെന്ന് കെ.മുരളീധരൻ എം.പി. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം 46,300 കടന്നു. രണ്ട് ദിവസം കൊണ്ട് പതിനായിരത്തിന്‍റെ വർധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് നിയന്ത്രണം രണ്ട് രീതിയിലാണ് സർക്കാർ നടപ്പിലാക്കുന്നത്. സിപിഎമ്മിന്‍റെ പരിപാടികൾക്ക് നിയന്ത്രണം ഇല്ല. സർക്കാരിനെ വിമർശിക്കുന്നവർക്ക് കർശന നിയന്ത്രണമെന്നും കെ മുരളീധരൻ ആരോപിച്ചു.
തിരുവനന്തപുരത്ത് നടന്ന ജില്ല സമ്മേളനങ്ങൾ ജനപ്രതിനിധികൾക്ക് ഉൾപ്പെടെ കൊവിഡ് നൽകി. അഞ്ഞൂറോളം പേരെ അണിനിരത്തി മെഗാ തിരുവാതിര നടത്തി. വിവാദമായപ്പോൾ സിപിഎം ക്ഷമ ചോദിച്ചു. പിറ്റേ ദിവസം തന്നെ ഗാനമേള നടത്തി. ഇത്തരം പരിപാടികൾ രോഗവ്യാപനം കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോഗ്യമന്ത്രി വീണ ജോർജിനെ കൊണ്ട് സർക്കാർ വിഡ്ഢി വേഷം കെട്ടിപ്പിക്കുകയാണെന്നും മുരളീധരൻ പരിഹസിച്ചു. രണ്ട് കാര്യങ്ങളിലാണ് സിപിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജില്ലാ സമ്മേളനങ്ങളിലും, കെ റെയിലിലും. ആരോഗ്യ മന്ത്രിക്ക് പാർട്ടി പുല്ലുവിലയാണ് നൽകുന്നതെന്നും കെ. മുരളീധരൻ ആരോപിച്ചു.
കെ റെയിൽ വിഷയത്തിലും വിമർശനം
സർക്കാർ എന്തിനാണ് തിരക്കിട്ട് കെറെയില്‍ കല്ലിടൽ നടത്തുന്നതെന്ന് കെ മുരളീധരന്‍ ചോദിച്ചു. കല്ല് പിഴുതാൽ പല്ല് കൊഴിക്കുമെന്ന് എം വി ജയരാജൻ പറഞ്ഞു. ജഡായു പാറയിൽ കല്ലും പിഴുതു, റീത്തും വെച്ചു. പല്ല് എടുക്കുന്ന ക്വട്ടേഷൻ സംഘത്തിലുള്ളവരും കല്ല് പിഴുത് മാറ്റിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് സിപിഎം ഗുണ്ടകളുടെ തേർ വാഴ്ചയാണ് നടക്കുന്നതെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നതിന് പകരം തല്ലാൻ പിടിച്ചു കൊടുത്തെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ അദ്ദേഹം പ്രതികരിച്ചു. സമാന സംഭവമാണ് ഇടുക്കിയിലെ ധീരജിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു.
ALSO READ:മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ