തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരന് കേൾക്കേണ്ടത് സൂപ്പർ താരം ജയൻ അഭിനയിച്ച ഹിറ്റ് ഗാനം 'കണ്ണും കണ്ണും തമ്മിൽ തമ്മിൽ'. ആവശ്യം എത്തിയത് ജഡ്‌ജിയുടെ മുന്നിൽ. ന്യായമായ ആവശ്യം നിവർത്തിച്ചു നൽകാൻ ഉത്തരവുമെത്തി. ജയിലധികൃതർ പാട്ട് കേൾപ്പിച്ചെങ്കിലും അപ്പോഴേക്കും തടവുകാരൻ ജയിൽ വിട്ടു പോയിരുന്നു.
പരാതിപ്പെട്ടിയിലെത്തിയ കുറിപ്പ്
പൂജപ്പുര സെൻട്രൽ ജയിലില്‍ പ്രക്ഷേപണം ചെയ്യുന്ന ഫ്രീഡം സിംഫണി റേഡിയോയിലേക്ക് പ്രിയ ഗാനം ആവശ്യപ്പെട്ട് തടവുകാരൻ എഴുതിയ കത്ത് കിട്ടിയത് ജയിലിൻ്റെ ചുമതലയുള്ള ജില്ല ജഡ്‌ജിക്കായിരുന്നു. പാട്ട് ആവശ്യപ്പെട്ട് കുറിപ്പ് ഇടേണ്ട പെട്ടി മാറിപ്പോയതാണ് സംഭവം. അബദ്ധത്തിൽ ഇയാൾ കുറിപ്പ് എഴുതിയിട്ടത് തടവുകാരിൽ നിന്ന് ജില്ല ജഡ്‌ജി നേരിട്ട് പരാതി ശേഖരിക്കുന്ന പെട്ടിയിലാണ്.
പാട്ട് കേള്‍ക്കാന്‍ തടവുകാരനില്ല
എല്ലാ മാസവും ഏഴിനാണ് പരാതിപ്പെട്ടി കോടതിയിൽ എത്തിക്കുക. പരാതി കണ്ട ജഡ്‌ജി തടവുകാരൻ്റെ കുറിപ്പ് ജയിൽ അധികൃതർക്ക് കൈമാറി. തടവുകാരൻ്റെ ആവശ്യം പരിഗണിക്കണമെന്ന നിർദേശവും വച്ചു. അതനുസരിച്ച് ജയിലധികൃതർ പാട്ട് വച്ചെങ്കിലും തടവുകാരൻ കാലാവധി കഴിഞ്ഞ് ജയില്‍ വിട്ട് പോയിരുന്നു. മൂന്ന് മാസം മുമ്പാണ് തടവുകാര്‍ക്കായി റേഡിയോ ഫ്രീഡം സിംഫണി എന്ന പേരിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റേഡിയോ സ്റ്റേഷൻ ആരംഭിച്ചത്.
Also read: ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരം തീര്‍ത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍