തിരുവനന്തപുരം : ഒടുവില്‍ ജോസ് കെ.മാണി യുഡിഎഫില്‍ നിന്ന് പുറത്തായി. ഔദ്യോഗികമായി പുറത്താക്കിയില്ലെങ്കിലും ഇനി മുന്നണി യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. മുന്നണിക്കുള്ളില്‍ നിന്ന് ജോസ്- ജോസഫ് പക്ഷങ്ങള്‍ ദീര്‍ഘനാളായി നടത്തി വന്ന പേരിന് ഇതോടെ അറുതിയായി. യു.ഡി.എഫില്‍ ഇനി പി.ജെ. ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് മാത്രം.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചപ്പോള്‍ യു.ഡി.എഫ് നേതൃത്വം നിലപാട് മയപ്പെടുത്തിയെങ്കിലും പോക്ക് എല്‍.ഡി.എഫിലേക്കാണെന്ന് സൂചനയാണ് ജോസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നല്‍കി വന്നത്. എല്‍.ഡി.എഫില്‍ സി.പി.ഐ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ സി.പി.എം നേതൃത്വം ഇടപെട്ട് ഇല്ലാതാക്കുക കൂടി ചെയ്തതോടെ ജോസിന്‍റെ എല്‍.ഡി.എഫ് പ്രവേശം എളുപ്പമായി. അനുകൂല നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുക കൂടി ചെയ്തതോടെ എല്‍.ഡി.എഫില്‍ ചേക്കേറാന്‍ പറ്റിയ അവസരം ഇതുതന്നെയെന്ന് ജോസ് പക്ഷവും വിലയിരുത്തി.
യഥാര്‍ഥത്തില്‍ ജോസ് ഇടതുമുന്നണിയിലേക്ക് പോകുന്നത് യു.ഡി.എഫ് നേതൃത്വത്തിനാണ് ഏറ്റവുമധികം ആശ്വാസം നല്‍കുന്നത്. ജോസ്- ജോസഫ് പക്ഷങ്ങളുടെ തമ്മിലടിയില്‍ നിസഹായമായി നോക്കി നില്‍ക്കേണ്ടി വന്ന യു.ഡി.എഫ് നേതൃത്തിന് ജോസിന്‍റെ മുന്നണി മാറ്റം പകരുന്ന ആശ്വാസം ചെറുതല്ല. പരസ്പരം പോരടിക്കുന്നവരുമായി അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിനെയും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിട്ടാല്‍ പാല ആവര്‍ത്തിക്കുമെന്ന ആശങ്കയിലായിരുന്ന യു.ഡി.എഫ് നേതൃത്വത്തിനും ജോസിന്‍റെ മുന്നണി മാറ്റം ആശ്വാസമാണ്. മുന്നണിയില്‍ നിന്ന് പുറത്താക്കിയെങ്കിലും പുറത്താക്കി എന്നൊരു പദം ഉപയോഗിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പ്രത്യേകം ശ്രദ്ധിച്ചത് യു.ഡി.എഫ് നേതാവായിരുന്ന കെ.എം.മാണിക്കുള്ള ആദരമാണെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു.