തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണെന്ന് ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ജില്ലയില്‍ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ ഇനിയും കൂടുതല്‍ കൊവിഡ് കേസുകള്‍ ജില്ലാ ഭരണ കൂടം പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ വളരെയധികം ജാഗ്രത പുലര്‍ത്തണം. കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ പുറത്തിറങ്ങുകയോ അവിടേക്ക് പുറത്തു നിന്നുള്ളവര്‍ പ്രവേശിക്കാനോ പാടില്ല.
ബ്രേക്ക് ദ ചെയിന്‍ സമ്പ്രദായത്തോട് ജനങ്ങള്‍ സഹകരിക്കണം. കൊവിഡ് രോഗ ലക്ഷണങ്ങളായ തൊണ്ട വേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെടണം. കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനുള്ള ആന്റീജന്‍ ടെസ്റ്റ് ഇന്നു മുതല്‍ ആരംഭിക്കും. ഹോട്ട് സ്‌പോട്ടുകളില്‍ നിന്നുള്‍പ്പെടെ ആളുകള്‍ വന്നു പോകുന്ന ജില്ലയാണ് തലസ്ഥാന ജില്ലയെന്നും ജനങ്ങള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.