തിരുവനന്തപുരം: വെള്ളായണിക്ക് സമീപം പെരിങ്ങമ്മലയിൽ ഭാര്യയെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് യുവാക്കളെ ക്രൂരമായി മർദിച്ചു. ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ ദമ്പതികളിൽ, ഭാര്യയെ തുറിച്ച് നോക്കിയെന്നാരോപിച്ചാണ് ഭർത്താവ് യുവാക്കളെ മർദിച്ചത്. വെങ്ങാനൂർ സ്വദേശികളായ കൃഷ്‌ണ കുമാർ, അഖിൽ വിജയൻ എന്നിവരാണ് മർദനത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
കൃഷ്‌ണ കുമാറിന്‍റെ പല്ല് അടിച്ച് തെറിപ്പിക്കുകയും അഖിൽ വിജയന്‍റെ ചെവി അടിച്ചു പൊട്ടിക്കുകയുമായിരുന്നു. നാട്ടുകാർ എത്തി പ്രതിയെ പിടിച്ച് പൊലീസിൽ ഏൽപിച്ചെങ്കിലും വഴി മധ്യേ നേമം സ്റ്റേഷൻ പരിധിയിലല്ല, മറിച്ച് ബാലരാമപുരം സ്റ്റേഷൻ പരിധിയാണെന്ന് പറഞ്ഞ് അയാളെ പൊലീസ് ഇറക്കിവിട്ടെന്നും ആരോപണമുണ്ട്.
അതേ സമയം പ്രകോപനമില്ലാതെയാണ് തങ്ങളെ മർദിച്ചതെന്ന് യുവാക്കൾ ആരോപിച്ചു. യുവാക്കൾ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബേക്കറിയിൽ നിന്ന് സുഹൃത്തിന്‍റെ ജന്മദിനത്തിൽ കേക്ക് വാങ്ങി ഇറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവമുണ്ടായതെന്ന് യുവാക്കൾ പറയുന്നു. സംഭവത്തിൽ കേളേശ്വരം സ്വദേശിയായ ഗിരീഷിനെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.
ALSO READ: നിതിനയെ കൊന്നത് അമ്മയോട് സംസാരിച്ച് കഴിഞ്ഞയുടനെ; നടുക്കം മാറാതെ കുടുംബം