തിരുവനന്തപുരം: സമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പും ഹണി ട്രാപ്പുമെല്ലാം ദിനംപ്രതി വാർത്തകളായി നമ്മുടെ മുന്നിലെത്താറുണ്ട്. എന്നാല്‍ വാർത്തകളുടെ ലോകത്ത് ജീവിക്കുന്ന മാധ്യമപ്രവർത്തകർക്ക് മുന്നിലേക്ക് അത്തരമൊരു പ്രലോഭനം എത്തിയാല്‍ എന്താകും സ്ഥിതി. ഇടിവി ഭാരത് റിപ്പോർട്ടർക്ക് ലഭിച്ച ഫേസ് ബുക്ക് ഫ്രണ്ട് റിക്വസ്റ്റിന് പിന്നാലെ പോയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് ഇനി പറയാനുള്ളത്.
നിഹാരിക ശർമ്മ എന്ന പേരിൽ ഫേസ്‌ബുക്കിൽ വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റിൽ സംശയം തോന്നിയാണ് പിന്തുടരാൻ തീരുമാനിച്ചത്. റിക്വസ്റ്റ് സ്വീകരിക്കാതെ തന്നെ മെസഞ്ചറിൽ ചാറ്റ് ആരംഭിച്ചു. മുംബൈയിൽ കമ്പ്യൂട്ടർ ജോലിയാണെന്ന് നിഹാരികയുടെ പരിചയപ്പെടുത്തൽ. തുടർന്ന് വാട്‌സ് ആപ് നമ്പർ കൊടുക്കുമോ എന്ന് ചോദ്യം. ഉടൻ തന്നെ നമ്പർ നൽകി. അൽപസമയത്തിനകം വാട്‌സ് ആപില്‍ വന്നു.
തുടർന്ന് ഒരു മറയുമില്ലാതെ ചോദ്യമെത്തി... സെക്‌സിന് താത്പര്യമുണ്ടോ?
ഞങ്ങൾ ഉദ്ദേശിച്ചതു തന്നെയാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ടതിനാൽ താത്പര്യമുണ്ടെന്നറിയിച്ചു. ഉടൻ തന്നെ വാഷ് റൂമിലേക്ക് വരാൻ നിർദ്ദേശം. വീഡിയോ കോളിൽ വിളിച്ചപ്പോള്‍ മുഖം വ്യക്തമായി കാണാൻ പാകത്തിൽ മാസ്‌ക് മാറ്റാൻ അടുത്ത നിർദേശം. മാസ്‌ക് മാറ്റിയതോടെ ഒരു സ്ത്രീയുടെ നഗ്നദൃശ്യം തെളിഞ്ഞു. സെക്കൻഡുകൾക്കു ശേഷം കോൾ കട്ട് ചെയ്‌ത് രഹസ്യഭാഗം കാണിക്കാനായി നിർദേശം. ബ്ലാക്ക് മെയിൽ ചെയ്യാനുള്ള തുറുപ്പ് ചീട്ട് അതായിരുന്നു. പത്തു മിനിട്ടിനകം പ്രതീക്ഷിച്ച സന്ദേശമെത്തി.
നിങ്ങളുടെ വീഡിയോ ഫേസ്‌ബുക്കിലും യുട്യൂബിലും അപ്‌ലോഡ് ചെയ്യാൻ പോകുന്നു. സുഹൃത്തുക്കളുടെ മെസഞ്ചറിലും അയച്ചുകൊടുക്കുമെന്ന് പുരുഷ ശബ്ദത്തിൽ സന്ദേശം. ഇല്ലെങ്കിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. പണം നൽകാൻ കഴിയില്ലെന്നും കോളുകൾ എല്ലാം ഞങ്ങൾ റെക്കോഡ് ചെയ്‌തിട്ടുണ്ടെന്നും വ്യക്തമാക്കിയപ്പോൾ ചില സുഹൃത്തുക്കളുടെ മെസഞ്ചറിലും യുട്യൂബിലും ഇവ അപ്‌ലോഡ് ചെയ്‌തുകൊണ്ടിരിക്കുകയാണെന്ന് കാണിച്ച് ചില സ്ക്രീൻ ഷോട്ടുകൾ എത്തി.
കെണിയില്‍ വീണ തട്ടിപ്പ് സംഘം
പൊലീസിനെ സംഭവം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ബ്ലാക്ക് മെയിലിംഗിന്‍റെ തുക കുറഞ്ഞു. ഒടുവിൽ ആയിരം രൂപയെങ്കിലും തന്നു കൂടെ എന്നായി. അതും നൽകില്ല, ഞങ്ങൾ നിങ്ങളെയാണ് കുടുക്കിയതെന്ന് പറഞ്ഞതോടെ കേട്ടാലറയ്ക്കുന്ന ഹിന്ദി തെറികൾ വിളിച്ച് സംഭാഷണം അവസാനിപ്പിച്ചു. തട്ടിപ്പുകാരുടെ മൊബൈൽ നമ്പർ പരിശോധിച്ച പൊലീസ് ഇത് അസം സ്വദേശിയുടെ പേരിലുള്ള സിം ആണെന്ന് കണ്ടെത്തി.
അക്‌ലിമ ബീഗം എന്ന സ്ത്രീയുടെ പേരിലാണ് കണക്ഷൻ. രണ്ടു മാസം മുമ്പാണ് ഈ കണക്ഷൻ എടുത്തതെന്നും വ്യക്തമായി. സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഭീഷണിക്കു വഴങ്ങി ചോദിക്കുന്ന പണം കൊടുത്ത് തലയൂരുകയാണ് പലരും. സ്ത്രീകളും പുരുഷന്മാരുമായി നമുക്കു ചുറ്റുമുള്ള പലരും തട്ടിപ്പിന് ഇരയായിക്കഴിഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പണം നൽകരുതെന്നും വിവരം തങ്ങളെ അറിയിക്കണമെന്നുമാണ് പൊലീസ് നിർദേശിക്കുന്നത്.
അന്യസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വലിയ തട്ടിപ്പു സംഘമാണ് സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നത്. ഇരയാക്കപ്പെടുന്നവരിൽ ഏറെയും കേരളം പോലെ ഇന്‍റർനെറ്റ് വലിയ തോതിൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്ളവരും. സംസ്ഥാനം വിട്ടുള്ള അന്വേഷണങ്ങളിൽ പൊലീസിനുള്ള സമയപരിമിതിയും സ്ഥല പരിമിതിയും തട്ടിപ്പുകാർക്ക് വളമാണ്. ജാഗ്രത വേണം.