തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഹിന്ദിക്ക് എന്തെങ്കിലും റോൾ ഉണ്ടോ. ഉണ്ടെന്നാണ് ശരിയായ ഉത്തരം. തിരുവനന്തപുരം കോർപ്പറേഷനിലെ ചാല വാർഡിലെ ചുവരിൽ തെളിയുന്നത് മലയാളം മാത്രമല്ല. വാർഡിലെ ബിജെപി സ്ഥാനാർഥി സിമി ജ്യോതിഷിന് വേണ്ടിയുള്ള ചുവരെഴുത്താണ് ഹിന്ദിയിലും തയാറാക്കിയിരിക്കുന്നത്.
മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർമാർക്ക് വേണ്ടിയാണ് ഇത്. ഹിന്ദി മാതൃഭാഷയായ 500 ഓളം വോട്ടർമാരാണ് വാർഡിലുള്ളത്. കച്ചവടത്തിനും മറ്റുമായി നഗരത്തിൽ എത്തി ഇവിടെ സ്ഥിരതാമസമായവരാണ് ഇതിൽ അധികവും. ഹിന്ദി മാത്രമല്ല തമിഴിനും സ്ഥാനമുണ്ട് ചുവരിൽ. വാർഡിൽ വലിയൊരു വിഭാഗം വോട്ടർമാർ തമിഴ് വംശജരാണ്. ഹിന്ദിയും തമിഴും വന്നപ്പോൾ ഇംഗ്ലീഷിനേയും മറന്നിട്ടില്ല പാർട്ടി പ്രവർത്തകർ.