തിരുവനന്തപുരം: തെക്കൻ കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നെയ്യാർ കരകവിഞ്ഞ് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. രാമേശ്വരം, കണ്ണൻകുഴി, ചെമ്പരത്തി വിള, കീഴാറൂർ, പാലക്കടവ്, മീനാങ്കൽ, അരുവിക്കര, മണ്ഡപത്തിൻകടവ്, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.
അമ്പൂരി ആദിവാസി ഊരുകൾ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നെയ്യാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് ഊരുകളെ ഒറ്റപ്പെടുത്തിയത്. നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളില്‍ ജില്ല ഭരണകൂടം കഴിഞ്ഞ ദിവസം പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെക്കൻ മേഖലയിലെ അതിർത്തി താലൂക്കായ നെയ്യാറ്റിൻകരയെ ഒഴിവാക്കിയിരുന്നു. ഇന്ന് രാവിലെ 9 മണിയോട് കൂടി നെയ്യാറ്റിൻകര താലൂക്കിലും അവധി പ്രഖ്യാപിച്ചു.
ദേശീയപാതയിലെ മരുതൂർ പാലം തകർന്നത് ഇനിയും പുനസ്ഥാപിച്ചില്ല. ഇതുവഴിയുള്ള ഗതാഗത നിയന്ത്രണവും തുടരുന്നു. വിഴിഞ്ഞത്ത് മണ്ണിടിച്ചിലിൽ വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വിഴിഞ്ഞം ഒസാവിള കോളനിയിൽ നിരവധി വീടുകൾക്ക് വിള്ളലും മണ്ണിടിച്ചിലും ഉണ്ടായി.
വിഴിഞ്ഞം ഡിപ്പോ റോഡിലെ ഒരു വീട് മണ്ണിടിച്ചിലിൽ നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഗംഗയാർ തോട് കരകവിഞ്ഞൊഴുകി കട കമ്പോളങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.
മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു. കോട്ടൂർ ചോനാംപാറ ആദിവാസി ഊരിലെ രാജേന്ദ്രൻ കാണിയുടെ മകൻ രതീഷ് (22) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയോടെ പേപ്പാറ ഡാമിന്‍റെ മറുകരയിൽ ഉള്ള കാവ്യാറ്റിൻ മൺപുറത്ത് വച്ചാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്.
Also read: വിഴിഞ്ഞത്ത് മണ്ണിടിച്ചലില്‍ വീട് തകര്‍ന്നു; ആളപായമില്ല