തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി. എട്ട് ഭാഗങ്ങളിലായി വിശദമായ മാര്‍ഗരേഖയാണ് കൊവിഡ് കാലത്തിന് ശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്‌താണ് മാര്‍ഗരേഖ തയാറാക്കിയത്.
ആരോഗ്യം, ഗതാഗതം, തദ്ദേശ ഭരണം, പട്ടികവര്‍ഗ ക്ഷേമം തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായാണ് മാര്‍ഗരേഖ നടപ്പാക്കുക. എട്ട് ഘട്ടങ്ങളായി തയ്യാറാക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളിൽ പൊതു നിര്‍ദേശങ്ങള്‍, സ്‌കൂള്‍ സജ്ജമാക്കല്‍, സ്‌കൂളുകളുടെ ആരോഗ്യ പരിശോധന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, ബോധവല്‍ക്കരണം, കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍, മോണിറ്ററിംഗ് എന്നിവ ഉൾപ്പെടുന്നു.
ഒരു ബാച്ചില്‍ പകുതി കുട്ടികള്‍ മാത്രവും ആയിരം കുട്ടികളുള്ള സ്‌കൂളില്‍ 25% കുട്ടികള്‍ ഒരു സമയത്ത് ക്യാമ്പസുകളില്‍ വരുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും സ്‌കൂളില്‍ എത്തുന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംവിധാനം ഉണ്ടാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ബയോ ബബിള്‍ സംവിധാനത്തിലാകും ക്ലാസുകൾ ക്രമീകരിക്കുക.
സ്‌കൂളുകളോട് ചേര്‍ന്ന് ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തും. ക്ലാസ് തുടങ്ങിയ ശേഷം ഏതെങ്കിലും കുട്ടികള്‍ പോസിറ്റീവായാല്‍ ബയോ ബബിളില്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ പോകണം. രോഗലക്ഷണമുള്ളവര്‍ സ്‌കൂളുകളിലേക്ക് വരേണ്ടതില്ല. നവംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സർക്കാർ പുറത്തിറക്കിയ പ്രധാന മാർഗ നിർദേശങ്ങൾ
- വിപുലമായ അക്കാദമിക് കലണ്ടര്‍ വിദ്യാഭ്യാസ വകുപ്പ് തയാറാക്കും
- രക്ഷിതാക്കളുടെ പൂര്‍ണസമ്മതത്തോടെ കുട്ടികള്‍ സ്‌കൂളില്‍ എത്തേണ്ടത്
- ആദ്യ രണ്ടാഴ്‌ച ഉച്ചവരെ മാത്രമേ ക്ലാസുകള്‍ ഉണ്ടാവുകയുള്ളൂ
- യൂണിഫോമും അസംബ്ലിയും നിര്‍ബന്ധമില്ല
- ഉച്ചഭക്ഷണ വിതരണം ഉണ്ടാകും, വീടുകളില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നും വിദ്യാര്‍ഥികള്‍ക്ക് കഴിക്കാം.
- ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ ക്ലാസിലെത്തേണ്ടതില്ല
- കുട്ടികള്‍ കൂട്ടം കൂടാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കണം
- കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കരുത്
- ഗതാഗത സൗകര്യം ഉറപ്പാക്കും
- വിപുലമായ പിടിഎ യോഗം വിളിക്കണം
- ക്ലാസ് തലത്തിലും പിടിഎ യോഗം വിളിക്കണമെന്നും നിര്‍ദേശം
READ MORE: സ്‌കൂൾ തുറക്കൽ : ആശങ്ക വേണ്ടെന്ന് വി.ശിവൻകുട്ടിയും വീണ ജോർജും