തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ 5 ശതമാനം ജിഎസ്‌ടി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരി ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ക്ക് കേരളത്തില്‍ 5 ശതമാനം ജിഎസ്‌ടി ഉണ്ടാകില്ലെന്നും പുതുതായി ഏര്‍പ്പെടുത്തിയ ജിഎസ്‌ടിയില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ഓണക്കാലത്ത് 14 ഇനം ഭക്ഷ്യ വസ്‌തുക്കളടങ്ങിയ കിറ്റ് മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി നല്‍കും. ഇതിനായി 425 കോടി രൂപ ചിലവു വരും. കൊവിഡ് മഹാമാരി കാലത്ത് സംസ്ഥാന സര്‍ക്കാര്‍ 13 തവണ സൗജന്യ കിറ്റ് അനുവദിച്ചു. ഈ വകയില്‍ സംസ്ഥാന സര്‍ക്കാര്‍ 5500 കോടി രൂപയാണ് ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തിന്‍റെ വായ്‌പ പരിധിക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കിഫ്ബി വായ്‌പ സംസ്ഥാന സര്‍ക്കാരിന്‍റെ വായ്‌പ പരിധിയില്‍ പെടുത്തിയ കേന്ദ്ര സമീപനം തെറ്റാണെന്നും ഇത് നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുളള സൂക്ഷ്‌മ ആസൂത്രണ രേഖ ഓഗസ്റ്റ് മധ്യത്തോടെ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദീര്‍ഘ, മധ്യ, ഉടന്‍ നടപ്പിലാക്കേണ്ട സഹായങ്ങള്‍ ഇതില്‍ തീരുമാനിക്കും. ഈ വര്‍ഷം ഏത്ര പേര്‍ക്ക് ഈ പദ്ധതി പ്രകാരം സഹായം നല്‍കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.