തിരുവനന്തപുരം : വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് കെ-സിസ് എന്ന കേന്ദ്രീകൃത പരിശോധന പദ്ധതിയുമായി വ്യവസായ വകുപ്പ്. വെബ് പോർട്ടൽ മുഖേനെയാണ് കേന്ദ്രീകൃത പരിശോധന സംവിധാനം നടപ്പിലാക്കുക.
ഫാക്ടറീസ് ആൻഡ് ബോയിലേർസ് വകുപ്പ്, തൊഴിൽ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്വയം ഭരണ വകുപ്പ് തുടങ്ങിയ അഞ്ചു വകുപ്പുകളെ സംയോജിപ്പിച്ചാകും പരിശോധന.
വ്യവസായ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിനുള്ള പരിശോധനകൾ തുടങ്ങിയവയാകും കെ-സിസിൽ നടക്കുക. പരിശോധന ഷെഡ്യൂൾ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ എന്നിവ പോർട്ടലാകും തെരഞ്ഞെടുക്കുക.
സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും
പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനകളിൽ വകുപ്പുതലത്തിൽ അനുവാദത്തോടെ മാത്രമായിരിക്കും നടക്കുക. പരിശോധന അറിയിപ്പ് സ്ഥാപനങ്ങൾക്ക് മുൻകൂട്ടി നൽകും. പരിശോധന നടന്ന 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധനകളുടെ ചരിത്രവും പോർട്ടലിലൂടെ അറിയാം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓഗസ്റ്റ് ഒന്ന് മുതൽ പദ്ധതി നടപ്പിലാക്കും. വ്യവസായ വകുപ്പിലെ നടക്കുന്ന പരിശോധനകൾക്ക് സുതാര്യത ഉറപ്പു വരുത്താനാണ് പുതിയ സംവിധാനം എന്ന വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
also read: കിറ്റെക്‌സിൽ വീണ്ടും പരിശോധന ; സർക്കാരിന്‍റെ വാഗ്‌ദാനങ്ങൾ നടപ്പാകുന്നില്ലെന്ന് മാനേജ്മെന്‍റ്