തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് ബിജെപി-പ്രതിപക്ഷ കൂട്ടുകച്ചവടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത കഥയുണ്ടാക്കി ഇല്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് പ്രതിപക്ഷ ശ്രമം. ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ബിജെപിക്ക് കൂടുതൽ സ്വീകാര്യത നൽകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ തിരക്കഥയുടെ ഒന്നാം ഭാഗത്തിന് ജനകീയ കോടതിയിൽ വലിയ തിരിച്ചടിയാണ് ലഭിച്ചത്. ഒരിക്കൽ തകർന്ന ചീട്ട് കൊട്ടാരം, കീറിയ ചീട്ടുകൾ കൊണ്ട് വീണ്ടും കെട്ടിയുണ്ടാക്കാനുള്ള ശ്രമം പൊളിയും.
ഇടനിലക്കാരെ നിയോഗിച്ചുവെന്നത് കെട്ടുക്കഥ : 4 കേന്ദ്ര ഏജൻസികൾ രാപ്പകൽ ഭേദമില്ലാതെ രണ്ട് വർഷം അന്വേഷിച്ചു. തീ ഇല്ലാത്തിടത്ത് പുക കണ്ടെത്താനാണ് ശ്രമം. സംഘപരിവാർ ബന്ധമുള്ള വ്യക്തിയുടെ വെളിപ്പെടുത്തലാണ് പ്രതിപക്ഷത്തിൻ്റെ വേദ വാക്യം, ഇവർക്ക് ചെല്ലും ചിലവും നൽകുന്നത് സംഘപരിവാറാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇവരുടെ വെളിപ്പെടുത്തലുണ്ടായപ്പോൾ സർക്കാർ ഇടനിലക്കാരെ നിയോഗിച്ചുവെന്നത് കെട്ടുകഥയാണ്. ഈ സംഭവത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ തിരക്കഥയാണ് ഇടനിലക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. 21 തവണ സ്വർണം കടത്തിയെന്നാണ് വെളിപ്പെടുത്തൽ അങ്ങനെയെങ്കിൽ അത് കേന്ദ്ര സർക്കാരിൻ്റെ വീഴ്‌ചയാണ്.
പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി : ഷാജ് കിരണിന് സർക്കാരുമായല്ല ബന്ധം. ഷാജ് നേരത്തെ ജയ്ഹിന്ദ് ചാനലിൻ്റെ ജീവനക്കാരനായിരുന്നു. ഇതിൽ നിന്ന് കാര്യങ്ങൾ എല്ലാം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മകള്‍ വീണയെക്കുറിച്ച് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണത്തിന് ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. രാഷ്ട്രീയമായ ആരോപണമാണ് ഉന്നയിക്കേണ്ടത്.
സർക്കാരിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് പറയാം, അല്ലാതെ വീട്ടിലുള്ളവരെക്കുറിച്ച് പച്ചക്കള്ളം പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം നിയമസഭ വോട്ടിനിട്ട് തള്ളി.