തിരുവനന്തപുരം: കടയ്ക്കാവൂരിൽ വാഹന ഉടമകളിൽ നിന്നും വാടകയ്ക്ക് എടുത്ത വാഹനങ്ങൾ തിരികെ നൽകാതെ വാഹനങ്ങളും അവരുടെ ആർ.സി ബുക്കുകളും പണയം വെച്ച് പണം തട്ടുന്ന സംഘം അറസ്റ്റിൽ. കവലയൂർ ഷൈനി മൻസിലിൽ ഷെഹിൻ ഷാ, കുളമുട്ടം മേടയിൽ വീട്ടിൽ സാബു എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ ചിറയിൻകീഴ് മുടപുരത്തെ സ്വദേശിയുടെയും, കവലയൂർ സ്വദേശിയുടെയും കാറുകൾ വാടകയ്ക്ക് എടുത്തിട്ട് തിരികെ നൽകാത്തതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്.
അന്വേഷണത്തിൽ ഈ വാഹനങ്ങൾ കൂടാതെ വക്കം, പകൽക്കുറി, ഓയൂർ തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസ്റ്റ് ബസ്സും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തി. ഇവരോടൊപ്പം പ്രവർത്തിക്കുന്ന കൂടുതൽ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
ALSO READ: വഴിയില്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി പിടിയില്‍
വർക്കല ഡിവൈഎസ്‌പി ബാബുക്കുട്ടന്‍റെ നിർദേശപ്രകാരം കടയ്ക്കാവൂർ സിഐ അജേഷിന്‍റെ നേതൃത്വത്തിൽ എസ്ഐ ബിജു കുമാർ, മാഹിൻ,ജ്യോതിഷ് കുമാർ, അനീഷ് ബി എസ്, ശ്രീനാഥ് ജി എസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.