തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് മറികടന്ന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനിക്ക് നല്‍കുമ്പോള്‍ നേട്ടമാര്‍ക്ക് എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. വിമാനത്താവളം ഏറ്റെടുക്കുന്ന സ്വാകാര്യ ഗ്രൂപ്പ് ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് മുന്നോട്ടു നീങ്ങിയാല്‍ യാത്രക്കാര്‍ക്ക് പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാകില്ലെന്നാണ് വ്യോമയാന വിദഗ്ധരുടെ അഭിപ്രായം.
അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ അയാട്ട അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെ എല്ലായ്‌പ്പോഴും എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന വിലയിരുത്തലാണ് അയാട്ടയെ ഇത്തരം ഒരു സമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിപ്പിച്ചിട്ടുള്ളതെന്ന് വ്യോമയാന രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തിന് പുറമേ ഗുവാഹത്തി, ജയ്പൂര്‍ വമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ലോകത്തെ ആകെയുള്ള അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍ 40 ശതമാനം ഇപ്പോഴും സ്വകാര്യവത്കരിക്കപ്പെട്ടിട്ടില്ല. അവ ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയാണ്.
ഇന്ത്യയില്‍ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യക്ക് കീഴിലുള്ള വിമാനത്താവളങ്ങളെ സ്വകാര്യ വത്കരിക്കുന്ന നയം നടപ്പാക്കിത്തുടങ്ങിയത് 2003ല്‍ വാജ്പയി സര്‍ക്കാരിന്‍റെ കാലത്താണ്. പിന്നീട് വന്ന യു.പി.എ സര്‍ക്കാരും ഇതു തുടര്‍ന്നു. 2006ല്‍ ഡല്‍ഹി വിമാനത്താവളം ജി.എം.ആര്‍ ഗ്രൂപ്പിന് കൈമാറിയത് ഒന്നാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്താണ്.
അദാനി വിമാനത്താവളം വികസിപ്പിക്കുമോ?
വിമാനത്താവള വികസനമാണ് സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂടേറിയ ചര്‍ച്ചകളിലൊന്ന്. കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തെ കാലങ്ങളായി അവഗണിക്കുകയാണെന്നും അദാനി എത്തുന്നതോടെ തിരുവനന്തപുരം വിമാനത്താവള വികസനത്തിന് വേഗമേറുമെന്നുമാണ് സ്വകാര്യവത്കരണത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് വ്യോമയാന രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളം ഏറ്റെടുക്കുന്ന അദാനിക്ക് ലാഭത്തില്‍ മാത്രമാകും നോട്ടം. അപ്പോള്‍ അടിസ്ഥാന വികസനത്തിന് പണം മുടക്കുമ്പോള്‍ അതില്‍ ലാഭ സാധ്യതയുണ്ടെങ്കിലെ അവര്‍ അതിനു മുതിരുകയുള്ളൂ. ഇല്ലെങ്കില്‍ വികസന കാര്യങ്ങളില്‍ അവരും അലംഭാവം തുടരും.
കേന്ദ്ര സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയും തിരുവനന്തപുരം വിമാനത്താവളത്തെ അവഗണിച്ചെന്ന ആരോപണത്തിനും അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മികച്ച റഡാര്‍ സംവിധാനവും മികച്ച എയര്‍ട്രാഫിക് കണ്‍ട്രോള്‍ സംവിധാനവും തിരുവനന്തപുരത്ത് സ്ഥാപിച്ചത് സമീപകാലത്താണ്. ഇതിനുള്ള പണം പൂര്‍ണമായി മുടക്കിയതാകട്ടെ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയും. ഇതു കാരണം ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരം. ഏറ്റവും സുരക്ഷിതമായ ലാന്‍ഡിങ്ങും ടേക്ക് ഓഫുമാണ് ഇവിടെയുള്ളത്.
തിരുവനന്തപുരം വിമാനത്താവളത്തോട് മുഖം തിരിഞ്ഞ് എല്‍.ഡി.എഫ് , യു.ഡി.എഫ് സര്‍ക്കാരുകള്‍
ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരം. 1935ല്‍ സ്ഥാപിതമായിട്ടും ഈ വിമാനത്താവളത്തിന് സ്വന്തമായുള്ളത് 628 ഏക്കറാണ്. തിരുവനന്തപുരത്തിനു ശേഷം സ്ഥാപിതമായ കൊച്ചി വിമാനത്താവളത്തിന് 2000 ഏക്കറും കണ്ണൂര്‍ വിമാനത്താവളത്തിന് 2300 ഏക്കറുമുണ്ട്. ഈ വിമാനത്താവളങ്ങളുടെ വികസനത്തിന് ആവശ്യമായ സ്ഥലം കേരളത്തിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഏറ്റെടുത്തു നല്‍കാന്‍ തയാറായെങ്കിലും തിരുവനന്തപുരത്തിന്‍റെ വികസനത്തിന് വിമാനത്താവള അധികൃതര്‍ പല തവണ ആവശ്യപ്പെട്ട 120 ഏക്കറിന്‍റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ ഉഴപ്പി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ 2007-08ല്‍ 38 ഏക്കര്‍ ഏറ്റെടുത്തു നല്‍കി. അങ്ങനെയാണ് വിമാനത്താവളത്തിന് പ്രത്യേക അന്താരാഷ്ട്ര ടെര്‍മിനല്‍ സ്ഥാപിച്ചത്.
അടിയന്തര വികസനത്തിനായി 18.5 ഏക്കര്‍ സ്ഥലം കൂടി ലഭിച്ചാല്‍ ഡൊമസ്റ്റിക്, ഇന്‍റര്‍നാഷണല്‍ ടെര്‍മിനലുകള്‍ ഒരുമിച്ചാക്കാന്‍ സാധിക്കും. കാരണം ഒരു ആഭ്യന്തര വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന ഒരു യാത്രക്കാരന് അന്താരാഷ്ട്ര വിമാനത്തില്‍ വീണ്ടും യാത്ര ചെയ്യേണ്ടതുണ്ടെങ്കില്‍ അയാള്‍ നാല് കിലോമീറ്റര്‍ യാത്ര ചെയ്ത് അന്താരാഷ്ട്ര ടെര്‍മിനലില്‍ എത്തണം. തിരിച്ചായാലും സ്ഥിതി ഇതു തന്നെ. ഇത് യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇതിനാണ് രണ്ടു ടെര്‍മിനലും ഒരുമിച്ചാക്കണമെന്ന് വിമാനത്താവള അധികൃതര്‍ നിരന്തരമായി ആവശ്യപ്പെടുന്നത്. വിമാനത്താവള സുരക്ഷ നിര്‍വഹിക്കുന്ന സി.ഐ.എസ്.എഫിന് പ്രതിവര്‍ഷം ഏകദേശം 200 കോടി രൂപ വിമാനത്താവള അതോറിട്ടി ഇതിനുള്ള പ്രതിഫലമായി നല്‍കുന്നുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലും ആഭ്യന്തര ടെര്‍മിനലും ഒരുമിച്ചായാല്‍ സി.ഐ.എസ്.എഫ് ഭടന്‍മാരുടെ എണ്ണം ഗണ്യമായി കുറച്ച് ഈ ഇനത്തില്‍ കോടികള്‍ ലാഭിക്കാന്‍ കഴിയും. എന്നാല്‍ ആഭ്യന്തര ടെര്‍മിനല്‍ ശംഖുമുഖത്തു നിന്ന് മാറ്റുന്നത് പ്രദേശത്തിന്‍റെ വികസനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി എതിര്‍പ്പുയരും. സ്ഥലം എം.പി ശശി തരൂരിനും ഇതേ അഭിപായമാണുള്ളത്.
അദാനി വരുമ്പോള്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമോ?
ഇവിടെയാണ് സ്വകാര്യവത്കരണത്തിന്‍റെ ലാഭ സാധ്യതകള്‍ കടന്നു വരുന്നത്. 18.5 ഏക്കര്‍ അടിയന്തരമായി ഏറ്റെടുത്ത് ആഭ്യന്തര അന്താരാഷ്ട്ര ടെര്‍മിനലുകള്‍ ഒന്നിച്ചാക്കുന്നതിനു മുന്‍പ് അദാനി പരിശോധിക്കുക ഇതിന്റെ ലാഭ സാധ്യതയായിരിക്കും. ഇതില്‍ ലാഭ സാധ്യതയുണ്ടെങ്കിലേ അദാനി ഈ പദ്ധതിയുമായി മുന്നോട്ടു പോകൂ. ഓപ്പറേഷന്‍, മാനേജ്‌മെന്‍റ്, ഡെവലപ്‌മെന്‍റ് എന്നിവയാണ് അദാനിക്ക് കൈമാറിയിട്ടുള്ളത്. എന്നിരുന്നാലും വികസന കാര്യത്തില്‍ ലാഭ സാധ്യതകള്‍ക്കു തന്നെയായിരിക്കും അദാനി ഗ്രൂപ്പ് മുന്‍ഗണ നല്‍കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലാഭസാധ്യതയ്ക്ക് മുന്‍ തൂക്കം നല്‍കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് ആകര്‍ഷിക്കാനുളള നടപടികള്‍ അദാനി നടപ്പാക്കുമെന്നുറപ്പാണ്. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നും ഓപ്പറേറ്റ് ചെയ്യും എന്നുറപ്പാണ്. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്കു പോയ സര്‍വീസുകള്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും അദാനി ഗ്രൂപ്പ് ശ്രമം നടത്തിയാല്‍ തിരുവനന്തപുരം വിമാനത്താവളം പഴയ പ്രൗഡിയിലേക്ക് മടങ്ങിയേക്കും എന്നു കരുതുന്നവര്‍ കുറവല്ല. ഏതൊക്കെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തണം എന്നു തിരുമാനിക്കുന്നത് വിമാനക്കമ്പനികളാണ്.
കേരളത്തില്‍ കൊച്ചി വിമാനത്താവവളത്തിലേക്ക് സര്‍വീസ് നടത്താന്‍ ഭൂരിപക്ഷം വിമാന കമ്പനികളും ആഗ്രഹിക്കുന്നത് അവിടെ പല ചാര്‍ജുകള്‍ക്കും ഫീസുകള്‍ക്കും ഇളവുണ്ടെന്നതാണ്. ഉദാഹരണത്തിന് ഒരു ബോയിങ് 747 വിമാനത്തിന്‍റെ ലാന്‍ഡിങ് ചാര്‍ജായി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഈടാക്കുന്നത് മൂന്ന് ലക്ഷം രൂപയാണ്. എന്നാല്‍ കൊച്ചി വിമാനത്താവളത്തില്‍ ലാന്‍ഡിങ് ചാര്‍ജില്‍ 50 ശതമാനത്തോളം ഇളവ് വിമാനത്താവള അധികൃതര്‍ നല്‍കുന്നു.
ഈ വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിട്ടിയുടെ ഉടമസ്ഥതയിലല്ലാത്തതിനാല്‍ അവര്‍ക്ക് സ്വന്തം നിലയില്‍ ഇളവുകള്‍ നല്‍കാനും സാധിക്കും. അദാനി തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുമ്പോള്‍ ഈ ഇനത്തില്‍ പല ഇളവുകള്‍ നല്‍കി കൂടുതല്‍ വിമാനങ്ങളെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍ കൊച്ചി വിമാനത്താവളമായിരിക്കും ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുക. പക്ഷേ ഒന്നോര്‍ക്കണം ഏതിളവുകള്‍ നല്‍കുമ്പോഴും അദാനി ഗ്രൂപ്പ് ആദ്യം കണക്കിലെടുക്കുക ലാഭ സാധ്യത തന്നെയായിരിക്കും.