തിരുവനന്തപുരം: ബാർ വഴി മദ്യം പാഴ്‌സലായി നൽകുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മദ്യ ദുരന്തമുൾപ്പടെയുള്ളവ ഒഴിവാക്കാനാണ് ബിവറേജസ് കോർപ്പറേഷൻ രൂപീകരിച്ചത്, എന്നാല്‍ ഇപ്പോഴത്തെ നീക്കം അതിനെയെല്ലാം തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷന് വൻതോതിൽ വരുമാന നഷ്ടമുണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. താല്‍ക്കാലിക സംവിധാനമെന്ന് പറയുമ്പോൾ തന്നെ നിയമം ഭേദഗതി ചെയ്തുവെന്നും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നവരുടെ തിരക്ക് നിയന്ത്രിച്ചതുപോലെ മദ്യം ലഭ്യമാക്കുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ സൗകര്യവും മദ്യം ഉപയോഗിക്കുന്നവര്‍ക്ക് ഒരുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാസില്ലാതെ ആരെയും സംസ്ഥാനത്തേക്ക് കടത്തിവിടണമെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കരുതെന്നാണ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെ നിരീക്ഷണത്തിലാക്കിയ സംഭവം ജനം വിലയിരുത്തട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും പാവപ്പെട്ടവന് ഗുണം ചെയ്യുന്നതല്ലെന്നും പേട്രോൾ, ഡീസൽ വിലയിൽ വന്ന കുറവിന്‍റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും കേന്ദ്രത്തിന്‍റെ നയം തന്നെയാണ് സംസ്ഥാനവും പിന്തുടരുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.