തിരുവനന്തപുരം: ഗല്‍വാന്‍ താഴ്‌വരയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് കരുതുന്നില്ലെന്ന് പ്രതിരോധ വിദഗ്ധനും കരസേന മുന്‍ ബ്രിഗേഡിയറുമായ സനല്‍കുമാര്‍. ഇവിടെ ആയുധം കൈവശമുണ്ടെങ്കില്‍ പോലും ഇരു ഭാഗത്തെയും സൈനികര്‍ക്ക് ആയുധമെടുക്കാന്‍ അവകാശമില്ലാത്ത നിലയിലാണ് രണ്ടു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങള്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാല്‍ പസ്പരമുള്ള ഉന്തും തള്ളും മാത്രമാണ് സൈനികര്‍ തമ്മില്‍ ഉണ്ടാകാറുള്ളത്. അതിനപ്പുറം ആയുധമെടുത്താല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും എന്നതിനാലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് 15000 അടി ഉയരത്തിലുള്ള ഇവിടെ സൈനിക സാന്നിധ്യം തന്നെ ദുഷ്‌കരമാണ്. ഇവിടെ ഇന്ത്യന്‍ സൈന്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതില്‍ ചൈന അസ്വസ്ഥമാണ്. സൈനിക സാന്നിധ്യത്തിന്‍റെ ശക്തി പതിന്മടങ്ങാക്കുന്നതാണ് ഈ അടിസ്ഥാന സൗകര്യ വളര്‍ച്ച. ഇതിനുള്ള പ്രതിരോധം എന്ന നിലയിലാണ് ചൈന ഒന്നിലധികം സ്ഥലങ്ങളില്‍ ഇത്തരം എതിര്‍പ്പുയര്‍ത്തുന്നത്. അതിലൂടെ ഇന്ത്യയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം. കൊവിഡ് മഹാമാരി കഴിഞ്ഞ് ചൈന ഇപ്പോള്‍ തിരിച്ചു വരവിന്‍റെ പാതയിലാണ്.
എന്നാല്‍ ഇന്ത്യയാകട്ടെ കൊവിഡ് ഭീഷണിയില്‍ വലഞ്ഞിരിക്കുകയുമാണ്. ഈ ദുര്‍ബലാവസ്ഥ മുതലെടുക്കുക എന്നതും ചൈനയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നിലുണ്ട്. ഗല്‍വാന്‍ ഒരുകാലത്തും ഒരു അതിര്‍ത്തി തര്‍ക്ക പ്രദേശമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഗല്‍വാനെയും തര്‍ക്കപ്രദേശമാക്കുന്ന ചൈനയുടെ നടപടിക്കു പിന്നില്‍ ഇവിടെ അടിസ്ഥാന സൗകര്യവികസനമെത്തിയതാണെന്നും ബ്രിഗേഡിയര്‍ സനല്‍കുമാര്‍ ഇടിവി ഭാരതിനോടു പറഞ്ഞു.