തിരുവനന്തപുരം: ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരാനും ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്താനും ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകി. എല്ലാ ജില്ലകളിലെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ജ്യൂസ് കടയുടെ വൃത്തി, ഉപയോഗിക്കുന്ന പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കും. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ശക്തമായ പരിശോധന തുടരും. പരിശോധന നടത്തുന്ന ഹെല്‍ത്ത് സ്‌ക്വാഡിന്‍റെ അവലോകന യോഗം ഉടൻ ചേരും. പരിശോധനയോടൊപ്പം ബോധവത്ക്കരണവും ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ നടപടി സ്വീകരിക്കാനും എല്ലാ ജില്ലകള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.
ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.