തിരുവനന്തപുരം: വെങ്ങാനൂർ ഉച്ചക്കട എൽ.എം.എസ് എൽ.പി സ്‌കൂളിൽ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ച 35 ലധികം കുട്ടികൾ തളർന്നുവീണു. ഛർദ്ദിയും വയറിളക്കവും പനിയും തലവേദനയുമുണ്ടായ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ വിട്ട് വീടുകളിൽ എത്തിയ ശേഷമാണ് കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഭക്ഷ്യ വിഷബാധയെന്നാണ് നിഗമനം.
വ്യാഴാഴ്‌ച സ്‌കൂളിൽ നിന്ന് ചോറും തോരനും സാമ്പാറുമുൾപ്പെട്ട ഭക്ഷണമാണ് നൽകിയിരുന്നത്. ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികൾക്ക് രാത്രിയോടെ തളർച്ചയും ക്ഷീണവുമുണ്ടായി. തുടർന്ന് ഛർദ്ദിയും വയറിളക്കവുമായതോടെ ആശങ്കയിലായ രക്ഷിതാക്കൾ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെള്ളിയാഴ്‌ച രാവിലെ മുതൽ ഉച്ചവരെ 15 ലധികം വിദ്യാർഥികളെ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് ആവശ്യമായ ചികിത്സ നൽകി വൈകിട്ടോടെ വിടുകളിലേക്ക് തിരിച്ചയച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ സ്‌കൂളിലെത്തി പരിശോധന നടത്തി. അഞ്ച് ദിവസം സ്‌കൂൾ അടച്ചിടാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ സ്‌കുൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. നഴ്‌സറി വിഭാഗം മുതൽ നാലാം ക്ലാസുവരെയുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.