തിരുവനന്തപുരം: തീപിടിത്തമുണ്ടാകുന്ന കെട്ടിടങ്ങളിൽ കെട്ടിട നിർമ്മാണചട്ടവും അഗ്നിശമന ലഘൂകരണചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടമകൾക്ക് എതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാന്‍ അഗ്നിശമന സേനാ മേധാവി എ ഹേമചന്ദ്രൻ ഡിജിപിക്ക് ശുപാർശ നൽകി. സംസ്ഥാനത്ത് ബഹുനില കെട്ടിടങ്ങൾ ഇടക്കിടെ അഗ്നിബാധക്കിരയാകുന്ന സാഹചര്യത്തിലാണ് ഉടമകൾക്ക് എതിരെ കർശന നടപടിയെടുക്കാന്‍ അഗ്നിശമന സേനാ മേധാവിയുടെ ശുപാർശ.
ജില്ലയില്‍ കഴിഞ്ഞ മാസം 21 ന് ചെല്ലം അംബ്രല്ലാ മാർട്ടിന്റെ ഷോറൂമും ഗോഡൗണും കത്തി വൻ നാശനഷ്ടമുണ്ടായതാണ് ഏറ്റവും അവസാനത്തെ സംഭവം. വൻ നാശഷ്‌ടം ഉണ്ടായെങ്കിലും അഗ്നിശമന സേനയുടെ ഇടപെടൽ കാരണം ആളപായം ഉണ്ടായിരുന്നില്ല. തുടര്‍ന്നുണ്ടായ പരിശോധനയിൽ കെട്ടിട നിർമ്മാണചട്ടവും അഗ്നിശമന ലഘൂകരണചട്ടവും ലംഘിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. ഇത്തരം കേസുകളിൽ ആളപായം ഇല്ലെങ്കിലും ഉടമകൾക്ക് എതിരെ ഐ പി സി 308 പ്രകാരം മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
നിയമവിരുദ്ധ കെട്ടിടനിർമ്മാണമാണ് ഇത്തരം തീപിടിത്തങ്ങൾക്ക് കാരണമാകുന്നതെന്നും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി ഉടമകളാണെന്നും കത്തിൽ ഹേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. അഗ്നിബാധക്ക് ശേഷം റിപ്പോർട്ട് തയാറാക്കുമ്പോൾ ഇക്കാര്യം പരിശോധിച്ച് ഉടമകൾക്ക് എതിരെയും റിപ്പോർട്ട് നൽകണമെന്ന് ജില്ലാ ഫയർ ഓഫീസർമാർക്ക് ഹേമചന്ദ്രൻ നിർദ്ദേശം നൽകി.