തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ധനമന്ത്രി തോമസ് ഐസക്ക് രാജി വെയ്ക്കുന്നതാണ് ഉചിതമെന്ന് വി.ഡി.സതീശൻ എംഎല്‍എ. ഇപ്പോൾ രാജി വച്ചില്ലെങ്കിൽ അവസാനകാലത്തെ സർക്കാരിന്റെ എല്ലാ കുഴപ്പങ്ങളും തോമസ് ഐസക്കിന്‍റെ തലയിലാക്കുമെന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി സതീശൻ പറഞ്ഞു.
ധനകാര്യ മാനേജ്മെന്‍റിന്‍റെ പിടിപ്പുകേടും സർക്കാരിന്റെ അനാവശ്യ ധൂർത്തുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ ട്രഷറി പ്രവർത്തനങ്ങൾ പൂർണമായി തടസപ്പെട്ടു. പിരിച്ചെടുക്കാൻ കഴിയാത്ത നികുതി കുടിശിക 30,000 കോടി രൂപയായി. ആളോഹരി കടം 72,430 രൂപയായും പൊതുകടം 2.5 ലക്ഷം കോടിയായും വർധിച്ചു. സാമ്പത്തികമായി തകർന്ന പഴയ തറവാടുകൾ തകർച്ച പുറത്തറിയാതിരിക്കാന്‍ പുരപ്പുറത്ത് പട്ടു കോണകം ഉണക്കാനിടാറുണ്ട്. ഇതു പോലെയാണ് സർക്കാരിന്‍റെ പ്രവര്‍ത്തനം. കിഫ്ബി പുരപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന പട്ടു കോണകമാണെന്നും സതീശൻ പരിഹസിച്ചു.