തിരുവനന്തപുരം: പെട്രോളിയം ഉൽപന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തി വളഞ്ഞ വഴയില്‍ സംസ്ഥാനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം വലിയ രീതിയിൽ പണം പിരിക്കുകയാണ്. സംസ്ഥാനം നികുതിയായി പിരിക്കുന്നതിൻ്റെ 50 ശതമാനത്തിലധികം സെസായി കേന്ദ്രം പിരിക്കുകയാണ്. 30 രൂപ പിരിച്ച ശേഷം 5 രൂപ കുറച്ചിട്ടാണ് സംസ്ഥാനങ്ങളോടും കുറയ്ക്കാൻ പറയുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്‍റേത് കടന്നുകയറ്റ നയം
കേന്ദ്രം കലാപത്തിന് ആഹ്വാനം നടത്തുന്നു. ഇത് ശരിയല്ല. ഭരണഘടനയിലെ 271 പ്രകാരം ഇഷ്‌ടം പോലെ സെസ് പിരിക്കാൻ കഴിയില്ല. ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കേന്ദ്രത്തിന്‍റെ കടന്ന് കയറ്റമാണ്. സംസ്ഥാനങ്ങളുടെ നിലനിൽപ്പിൻ്റെ പ്രശ്‌നമാണിതെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങൾക്ക് 40 ശതമാനം നൽകേണ്ടി വരുന്ന എക്സൈസ് ഡ്യൂട്ടി കുറച്ച ശേഷം ഇത് കൂടി സെസായി പിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം ജന്മി കുടിയാൻ ബന്ധമല്ലെന്നും ഇത് വലിയ നിയമ പ്രശ്‌നമാണെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. പാർലമെൻ്റിലടക്കം ഇക്കാര്യം ഉന്നയിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
'കോൺഗ്രസിന്‍റെ ഹൈക്കമാൻഡ് കേരളത്തിലെ ബിജെപി'
എന്നാൽ ഇതൊന്നും പറയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യുകയാണ് ബിജെപി. ഇതിന് കെപിസിസി പ്രസിഡന്‍റും സർട്ടിഫിക്കറ്റും നൽകുകയാണ്. എഐസിസി പറയുന്നതു പോലും കേരളത്തിലെ കോൺഗ്രസിലെ നേതാക്കൾ കേൾക്കുന്നില്ല. കേരളത്തിലെ നേതാക്കളുടെ ഹൈക്കമാൻഡ് ബിജെപിയാണ് എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണെന്നും ബാലഗോപാൽ വിമർശിച്ചു.
ALSO READ: ഇന്ധന നികുതിയിൽ ഇളവില്ല; യുഡിഎഫ് സർക്കാർ നികുതി വർധിപ്പിച്ചത് 13 തവണയെന്ന് ധനമന്ത്രി