തിരുവനന്തപുരം: വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ട് പെരുവഴിയിലായ തൊഴിലാളികൾ സമരത്തിൽ. ശമ്പളവും ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളും നൽകാതെയാണ് ഫാക്ടറി അടച്ചു പൂട്ടിയതെന്ന് സമരത്തിലുള്ള സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികൾ പറഞ്ഞു.
1500 തൊഴിലാളികൾക്കാണ് കമ്പനി പൂട്ടിയതോടെ തൊഴിൽ നഷ്ടമായത്. 30 കൊല്ലമായി വിറ്റുവരവിന്‍റെ പകുതിയിലധികം ലാഭമുള്ള കമ്പനിയാണ് അസംസ്കൃത വസ്തു കിട്ടാനില്ലെന്ന കാരണം പറഞ്ഞ് പൂട്ടിയിട്ടിരിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. കമ്പനി പൂട്ടിയതോടെ ഓണത്തിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. ട്രേഡ് യൂണിയനുകളുടെ ശ്രമത്തെ തുടർന്ന് അസംസ്കൃത വസ്തു ലഭ്യമാക്കാൻ സർക്കാർ നടപടിയെടുത്തെങ്കിലും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികളെ കരുവാക്കി ഖനനത്തിനുള്ള പാരിസ്ഥിതിക അനുമതി എളുപ്പത്തിൽ നേടിയെടുക്കാനുള്ള തന്ത്രമാണ് മാനേജ്‌മെന്‍റ് നടപ്പാക്കുന്നതെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടമായ തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലാണ്. വ്യവസായ വകുപ്പും തൊഴിൽ വകുപ്പും പ്രശ്നത്തിൽ ഇടപെട്ട് മാനേജ്‌മെന്‍റുമായി ചർച്ച നടത്തി പരിഹാരം കാണണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.