തിരുവനന്തപുരം : ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിത ഡോക്‌ടർക്ക് മർദനമേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാന്‍ ആശുപത്രികളില്‍ സുരക്ഷ കർശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കെജിഎംഒഎ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് നിരവധി നിർദേശങ്ങൾ ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങൾ, സേവനങ്ങളുടെ സുഗമമായി നടത്തിപ്പിനെ ബാധിക്കും.
READ MORE: വനിത ഡോക്‌ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: രണ്ട് പ്രതികള്‍ അറസ്റ്റില്‍
കൊവിഡ് സമയത്ത് ആശുപത്രിക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ഡോക്‌ടർമാരുടെ പരിശ്രമത്തെ നിരാശപ്പെടുത്തുന്നതാണ്. സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കി നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിത ഡോക്‌ടറേയും സുരക്ഷ ജീവനക്കാരെയും മദ്യപിച്ചെത്തിയ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു.
സംഭവത്തിൽ കരിമഠം സ്വദേശികളായ റഷീദ്, റഫീക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നിരവധി കേസിലെ പ്രതികളാണ് അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ടയാളുമായി രാത്രി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ സംഘം വരി നില്‍ക്കാതെ തള്ളികയറുകയും ബഹളം വയ്ക്കുകയും ചെയ്‌തു. ഇത് തടയാന്‍ ശ്രമിച്ച ഡ്യൂട്ടി ഡോക്ടര്‍ മാലു മുരളിക്കാണ് മര്‍ദനമേറ്റത്.