തിരുവനന്തപുരം: കേരളത്തിൽ ഓക്സിജൻ ക്ഷാമം ഉയരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ജില്ലാ പഞ്ചായത്ത്. നെടുമങ്ങാട്, നെയ്യാറ്റിൻകര, പേരൂർക്കട എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് അടിയന്തരമായി ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നത്.
1000 എൽഎംഎസ് കപ്പാസിറ്റിയുള്ള ഓരോ പ്ലാന്‍റിനും ഒന്നേകാൽ കോടിയാണ് ചിലവ് കണക്കാക്കുന്നത്. ഒരു ആശുപത്രിയിൽ 200 രോഗികൾക്ക് ഇതിലൂടെ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ കഴിയും. ഇതിനായി നാലുകോടി രൂപ ജില്ല പഞ്ചായത്ത് ഫണ്ടിൽ നിന്ന് മാറ്റിവച്ചതായും, മൂന്ന് മാസത്തിനുള്ളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്ലാന്‍റിന്‍റെ നിർമ്മാണം പൂർത്തിയാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആർ സുരേഷ് കുമാർ പറഞ്ഞു.
READ MORE: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവ്
വിവിധ പഞ്ചായത്തുകളിലെ കൊവിഡ് പ്രവർത്തനങ്ങളെ സഹായിക്കുന്നതിലേക്കായി 5000 പൾസ് ഓക്സിമീറ്റർ ജില്ലാ പഞ്ചായത്ത് നൽകും. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാധനസാമഗ്രികളുടെ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള പ്രത്യേക കൗണ്ടർ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. കിടപ്പുരോഗികൾക്ക് താമസ സ്ഥലത്ത് നേരിട്ട് വാക്സിനേഷൻ ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആർ സുരേഷ് കുമാർ അറിയിച്ചു. കൊവിഡ് മുന്നണി പോരാളികളായുള്ള മാധ്യമപ്രവർത്തകർക്ക് പിപിഇ കിറ്റും പത്രസമ്മേളനത്തിൽ അദ്ദേഹം കൈമാറി.
READ MORE: കൊവിഡ് രോഗികൾ കഴിഞ്ഞത് താറാവ് ഷെഡിൽ; പഞ്ചായത്തില്‍ സിഎഫ്‌എല്‍ടിസി ഇല്ലെന്ന് നാട്ടുകാർ