തിരുവനന്തപുരം: കോവളം വാഴമുട്ടം പാറവിളയില്‍ പാറ വീണ് വീട് തകർന്ന സംഭവത്തിൽ പ്രദേശത്തെ പാറകൾ മുഴുവൻ പൊളിച്ചു മാറ്റാൻ തീരുമാനം. സംഭവസ്ഥലം സന്ദർശിച്ച ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ജി.കെ സുരേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പാറവിളയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലാണ് കുന്നുകളത്ത് പാറകൾ സ്ഥിതിചെയ്യുന്നത്. ഇവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പാറകൾ നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി കലക്‌ടര്‍ ജി.കെ സുരേഷ് കുമാറാര്‍ പറഞ്ഞു.
പാറകൾ പൊട്ടിച്ച് കടൽഭിത്തി നിർമാണത്തിന് നൽകാനാണ് തീരുമാനം. പാറകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് വാഹനങ്ങളും യന്ത്രങ്ങളുമെത്തിക്കാനായി സമീപത്തെ വൃഷങ്ങളും കയർ വ്യവസായ സംഘത്തിന്‍റെ മതിലും നീക്കം ചെയ്യും. മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബാലചന്ദ്രന്‍റെ നേതൃത്വത്തിലായിരിക്കും പാറ പൊട്ടിക്കാനുളള സംവിധാനമൊരുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം ഇരുപതിനാണ് 30 അടിയോളം പൊക്കത്തിൽ നിന്ന് കൂറ്റൻപാറ വീണ് പാറവിള പ്ലാവിള വീട്ടിൽ അശോകന്‍റെ വീട് തകർന്നത്.
Also read: ശക്തമായ മഴയില്‍ നെയ്യാറ്റിൻകര കുട്ടമലയിൽ വീട് തകർന്നു