തിരുവനന്തപുരം: സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിർബന്ധമാക്കണമെന്ന ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. തൻ്റെ സിനിമ സെറ്റുകളിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. ഉണ്ടായാൽ അപ്പോൾ തന്നെ അതിനെതിരെ പ്രതികരിക്കുമായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര മേളയ്‌ക്ക് നാളെ തുടക്കം
നാളെ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും, മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും, കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും.
കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ളക്‌സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. നിശാഗന്ധി ഒഴികെയുള്ള എല്ലാ തിയേറ്ററുകളിലും 100 ശതമാനം സീറ്റുകളിലും റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി.
10000 ത്തോളം ഡെലിഗേറ്റുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർഥികൾക്കായി 3000 പാസ് മാറ്റിവെച്ചു. തുര്‍ക്കിയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു.