തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി ഉപഭോക്താവിന് നൽകിയ ഒരു കോടി രൂപ വീതമുള്ള മൂന്ന് കുടിശ്ശിക ബില്ലുകൾ റദ്ദാക്കാൻ അദാലത്ത് ഉത്തരവ്. ഉപഭോക്താവിനോടുള്ള മോശം പെരുമാറ്റത്തിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഹര്‍ജിക്കാരന് 5,000 രൂപ നഷ്‌ടപരിഹാരം നൽകുവാനും നിർദേശം. തിരുവനന്തപുരം പയറ്റുവിള ബിജു വിഹാറിൽ രത്നാകരനാണ് (74) ഹര്‍ജിക്കാരൻ. തിരുവനന്തപുരം പെർമനന്‍റ് ലോക് അദാലത്തിന്‍റേതാണ് ഉത്തരവ്.
വട്ടം ചുറ്റിച്ച് വാട്ടര്‍ അതോറിറ്റി
2002 ലാണ് രത്നാകരന്‍ വാട്ടർ കണക്ഷൻ എടുക്കുന്നത്. എന്നാൽ വാട്ടർ അതോറിറ്റി കൃത്യമായി ബില്ല് നൽകിയില്ല. ഇക്കാര്യം ചൂണ്ടികാട്ടി പരാതി നൽകിയപ്പോൾ 2006 മാർച്ച് 9ന് കൃത്യമായി മീറ്റർ റീഡിങ് എടുക്കാതെ 70,263 രൂപയുടെ ബില്ല് കുടിശ്ശിക ഉൾപ്പെടെ കാട്ടി നൽകി. ഈ ബില്ല് ശരിയല്ല എന്ന് കാട്ടി രത്നാകരന്‍ 2007 ൽ ലോക് അദാലത്ത് കോടതിയെയും ഹൈക്കോടതിയേയും സമീപിച്ചു.
ഇതേ തുടർന്ന് ഹൈക്കോടതി വാട്ടർ അതോറിറ്റി നൽകിയ ബില്ല് റദ്ദാക്കുകയും ശരിയായ ബില്ല് തുകയായ 6,560 രൂപ അടയ്ക്കുവാനും നിർദേശിച്ചു. നിലവിലെ വാട്ടർ മീറ്റർ മാറ്റി പുതിയ മീറ്റർ സ്ഥാപിക്കാനും മൂന്ന് മാസത്തിനുള്ളിൽ വാട്ടർ കണക്ഷൻ പുനഃസ്ഥാപിക്കാനും ഉത്തരവിട്ടു.
മൂന്ന് വര്‍ഷം മൂന്നര കോടിയുടെ ബില്ലുകള്‍
എന്നാൽ 2019ൽ 1,02,70,113 രൂപ, 2020 ൽ 1,24,99,441 രൂപ, 2021ൽ 1,52,39,958 രൂപയുടെ കുടിശ്ശിക ബില്ലുകൾ കാട്ടി വാട്ടര്‍ അതോറിറ്റി നോട്ടീസ് അയയ്ക്കുവാൻ തുടങ്ങി. ഇതേ തുടർന്ന് ഇയാൾ വീണ്ടും ലോക് അദാലത്തിൽ ഹർജി നൽകി. വാട്ടർ അതോറിറ്റി കൊണ്ടുവന്ന രേഖകളിൽ നിന്നും പരാതിക്കാരന് ദ്വൈമാസം വെറും 400 രൂപ മാത്രമാണ് ബില്ല് വന്നിരുന്നതെന്ന് അദാലത്ത് കണ്ടെത്തി. തുടർന്ന് വാട്ടർ അതോറിറ്റി നൽകിയ അമിത കുടിശ്ശിക ബില്ല് റദ്ദാക്കി ഉത്തരവിടുകയായിരുന്നു.
Also read: പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും നടപടിയെടുക്കാതെ വാട്ടർ അതോറിറ്റി