എറണാകുളം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം അപേക്ഷ നൽകിയത്. അന്വേഷണ സംഘം നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും കെ.ടി ജലീൽ എംഎൽഎ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഇതിനെതിരെ കെ.ടി ജലീൽ നൽകിയ പരാതിയിലാണ് ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തുന്നത്. ഈ കേസിൽ സ്വപ്‌ന നൽകിയ രഹസ്യമൊഴി ഏറെ നിർണായകമാണ്.
കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് സ്വപ്‌ന: കേന്ദ്ര സുരക്ഷ സേനയുടെ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജിയും പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന പൊലീസിൻ്റെ സുരക്ഷ വേണ്ടെന്ന് സ്വപ്‌ന കോടതിയെ അറിയിച്ചിരുന്നു. വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമിതിയുണ്ടെന്നും ഇക്കാര്യത്തിൽ കോടതി ഉത്തരവുകൾ വേണമെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്.
ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും രഹസ്യമൊഴി നൽകിയ ശേഷം സ്വപ്‌ന സുരേഷ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ സംസ്ഥാന പൊലീസിൻ്റെ സുരക്ഷ വേണ്ടെന്നും കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്‌ന പുതിയ ഹർജി സമർപ്പിച്ചത്. സംസ്ഥാന പൊലീസിലുള്ള വിശ്വാസം നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നാണ് സ്വപ്‌നയുടെ വാദം.
Also read: 'മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി': ഗുരുതര ആരോപണവുമായി സ്വപ്ന