2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്. മണ്ഡലം രൂപീകരിച്ച ശേഷം അന്നോളം മുസ്ലീംലീഗ് സ്ഥാനാർഥികൾ മാത്രം ജയിച്ചുവരുന്ന മലപ്പുറം ജില്ലയിലെ മഞ്ചേരി മണ്ഡലത്തില്‍ സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു. സിപിഎം പതിവുപോലെ ആദ്യം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പേര് ടികെ ഹംസ.
മത്സരിച്ച സ്ഥലങ്ങളിലെല്ലാം വിജയക്കൊടി പാറിച്ച ഹംസയെ മഞ്ചേരിയില്‍ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സിപിഎം അണികൾക്ക് ആവേശം. എന്നാല്‍ രാഷ്ട്രീയ കേരളം ആ തീരുമാനത്തില്‍ ചെറുതായൊന്ന് അന്തം വിട്ടു. കാരണം മഞ്ചേരി മുസ്ലീംലീഗിന്‍റെ പൊന്നാപുരം കോട്ടയാണ്. അവിടെ മുസ്ലീംലീഗ് നേതാവ് കെപിഎ മജീദിനോട് മത്സരിച്ചാല്‍ ടികെ ഹംസയുടെ സ്ഥിതിയെന്താകും. ഫലം വന്നപ്പോൾ മഞ്ചേരിയില്‍ ചെങ്കൊടി പാറി. 47,745 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ടികെ ഹംസ ജയിച്ചു.
ഡിസിസി പ്രസിഡന്‍റ് സിപിഎം നേതാവായ കഥ
മലപ്പുറം ഡിസിസി പ്രസിഡന്‍റായിരിക്കെ നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നിഷേധിച്ച സാക്ഷാല്‍ കെ കരുണാകരനോട് പിണങ്ങിയാണ് ടികെ ഹംസ എന്ന കറ കളഞ്ഞ കോൺഗ്രസുകാരൻ സിപിഎമ്മിലെത്തിയത്. മലപ്പുറത്ത് മുസ്ലീംലീഗിനും കോൺഗ്രസിനും എതിരെ അതിമനോഹരമായി സംസാരിക്കാൻ കഴിയുന്ന ഒരു തീപ്പൊരി നേതാവിനെ കാത്തിരുന്ന സിപിഎമ്മിന് ടികെ ഹംസ അന്ന് വലിയൊരു ബോണസായിരുന്നു.
read more: IPL: കുട്ടിക്രിക്കറ്റിലെ ബാക്കി പൂരത്തിന് ഞായറാഴ്ച തുടക്കം, ഇനി വെടിക്കെട്ട് ദിനങ്ങൾ
യൂത്ത് കോൺഗ്രസിന്‍റെ ജില്ലാ ജനറല്‍ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലെത്തി ടികെ ഹംസ 1982 മുതല്‍ സിപിഎം സ്ഥാനാർഥിയായി മലപ്പുറത്തെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തി. 1987ല്‍ മന്ത്രിയും 1996ല്‍ സർക്കാർ ചീഫ് വിപ്പുമായി. 2004ല്‍ മഞ്ചേരി മാജിക്കില്‍ ലോക്‌സഭയിലുമെത്തി.
ഹംസയും മലപ്പുറവും പിന്നെയൊരു മാതൃകയായി
ടികെ ഹംസ നടത്തിയ ചെങ്കൊടി വിപ്ലവം സിപിഎമ്മിന് മലപ്പുറത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കി. കോൺഗ്രസും ലീഗും വിട്ടു വരുന്നവരെ രണ്ടുകയ്യും നീട്ടി രക്തപുഷ്‌പം അണിയിച്ച് സിപിഎം സ്വീകരിക്കാൻ തുടങ്ങി. 2006ല്‍ കെടി ജലീലും 2016ല്‍ പിവി അൻവറും വി അബ്‌ദുറഹ്‌മാനുമെല്ലാം അങ്ങനെ വന്നവരാണ്. കെടി ജലീല്‍ 2016ലും അബ്‌ദു റഹ്‌മാൻ രണ്ടാം പിണറായി സർക്കാരിലും മന്ത്രിമാരുമായി.
ചെറിയാൻ ഫിലിപ്പ് മുതല്‍ എംഎസ് വിശ്വനാഥൻ വരെ
കോൺഗ്രസില്‍ വിപ്ലവത്തിന് വഴിയൊരുക്കി സിപിഎമ്മിനൊപ്പം ചേർന്നവരില്‍ ആരെല്ലാം ഇപ്പോൾ സജീവ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് കൂടി ഈ അവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. മൂന്ന് തവണ കോൺഗ്രസ് എംഎല്‍എയായിരുന്ന ശോഭന ജോർജ്, നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ഷാഹിദ കമാല്‍, അഡ്വ. പീലിപ്പോസ് തോമസ് എന്നിവരെല്ലാം കോൺഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തി ഇപ്പോൾ സജീവമായി സർക്കാരിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്.
read more: കൂടെയുള്ളവരെ തിരിച്ചറിയാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്‌നം: കെപി അനില്‍ കുമാര്‍
ഇവർക്കെല്ലാം മുന്നേയെത്തിയ ചെറിയാൻ ഫിലിപ്പ് ഇപ്പോഴും എകെജി സെന്‍ററിലെ നിത്യസാന്നിധ്യവുമാണ്. ഏറ്റവും ഒടുവിലാണ് ഡിസിസി പ്രസിഡന്‍റ് നിയമനം സംബന്ധിച്ച വിവാദങ്ങൾ ഉണ്ടാകുന്നത്. അതിനു തൊട്ടുമുൻപായി നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വയനാട്ടിലെ കോൺഗ്രസ് നേതാവും കെപിസിസി ഉപാദ്ധ്യക്ഷയും വനിത കമ്മിഷൻ മുൻ ഉപാധ്യക്ഷയുമായ കെസി റോസക്കുട്ടി സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നു.
അതിനു പിന്നാലെ സുല്‍ത്താൻ ബത്തേരിയില്‍ കോൺഗ്രസില്‍ നിന്ന് രാജിവെച്ച് വന്ന എംഎസ് വിശ്വനാഥനെ സിപിഎം നിയമസഭ സ്ഥാനാർതിയാക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് വിട്ടാല്‍ ബിജെപിയല്ല, എൻസിപി
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കോൺഗ്രസ് വിടുന്ന നേതാക്കൻമാരും ജനപ്രതിനിധികളും ബിജെപിയില്‍ ചേരുന്നത് പതിവാണ്. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തർ പോലും ബിജെപിയിലെത്തിയിട്ട് മാസങ്ങളാകുന്നതേയുള്ളൂ. പക്ഷേ കേരളത്തില്‍ അത്തരമൊരു സമീപനം ഉണ്ടാകാത്തതിന് കാരണം ബിജെപിയോട് കേരള സമൂഹത്തിനുള്ള സമീപനമാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത തോല്‍വിയുടെ അടിസ്ഥാനത്തില്‍ കോൺഗ്രസ് വിടുന്നവർക്ക് ഏറ്റവും അടുത്ത ആശ്രയ കേന്ദ്രമായി മാറിയത് എൻസിപിയാണ്. കോൺഗ്രസ് പാരമ്പര്യം അവകാശപ്പെടാവുന്ന രാഷ്ട്രീയ പാർട്ടി എന്ന നിലയിലും എൻസിപിക്കായിരുന്നു മുൻഗണന.
അതിന് ഊർജം നല്‍കിയത് അടുത്തിടെ കോൺഗ്രസ് വിട്ട മുൻ ലോക്‌സഭാംഗവും സോണിയ ഗാന്ധിയുടെ അടുത്ത വിശ്വസ്തനുമായിരുന്ന പിസി ചാക്കോയാണ്. മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, കോഴിക്കോട്ടെ കോൺഗ്രസ് നേതാവ് സുരേഷ് ബാബു, ഇടുക്കിയില്‍ നിന്ന് കെടി മൈക്കിൾ എന്നിവരെല്ലാം അങ്ങനെ എൻസിപിയിലെത്തി. പക്ഷേ എൻസിപിക്ക് കേരള രാഷ്ട്രീയത്തില്‍ പരിമിതികൾ ഏറെയാണ്. എല്‍ഡിഎഫിന്‍റെ ഘടകകക്ഷി ആണെങ്കിലും ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരിടത്തു പോലും വിജയം ഉറപ്പില്ല.
അതുമാത്രമല്ല, കോൺഗ്രസിന്‍റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന ശേഷം പുറത്തുവരുമ്പോൾ, സ്വീകരിക്കാൻ സിപിഎം തയ്യാറാണെങ്കില്‍ പിന്നെ എന്തിന് എൻസിപിയിലേക്ക് പോകണം എന്നാണ് കെപി അനില്‍ കുമാർ അടക്കമുള്ളവർ ചിന്തിച്ചിട്ടുണ്ടാകുക. ആർക്കുവേണ്ടിയും എപ്പോഴും തുറന്നിടാത്ത എകെജി സെന്‍ററിന്‍റെ മുൻ വാതില്‍ വഴി പ്രശാന്തും അനില്‍കുമാറും രതികുമാറും വരുമ്പോൾ ചുവന്ന ഷാളുമായി കോടിയേരിയും വിജയരാഘവനും തയ്യാറായി നില്‍ക്കുകയായിരുന്നു എന്നതാണ് പുതിയ കാലത്തെ രാഷ്ട്രീയ യാഥാർഥ്യം.
മാരാർജി മന്ദിരത്തിലേക്ക് പോകണമെന്നില്ല
രാഷ്ട്രീയത്തില്‍ കൂടുമാറ്റം പുതുമയുള്ള കാര്യമല്ല. പക്ഷേ കേരളത്തില്‍ അതിനൊരു പുതുമയുണ്ടാകും. ഇത്തവണ കോൺഗ്രസില്‍ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് ഉറപ്പായപ്പോൾ തന്നെ സിപിഎം മുൻകരുതലെടുത്തു എന്ന് വേണം ചിന്തിക്കാൻ. കാരണം മറ്റ് സംസ്ഥാനങ്ങളിലെ പോലെ കോൺഗ്രസ് വിടുന്നവർക്ക് ബിജെപിയിലേക്ക് പോകാനുള്ള അവസരം ഒരുക്കി അത് ദേശീയ തലത്തില്‍ ചർച്ചയാക്കുന്നതിന് പകരം അത്തരക്കാരെ സ്വീകരിക്കാൻ സിപിഎം രഹസ്യമായി നീക്കങ്ങൾ ആരംഭിച്ചിരുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാറിനെയും പിഎസ് പ്രശാന്തിനെയും ജി രതികുമാറിനെയും മുൻകൂട്ടി സ്വന്തം പാളയത്തിലെത്തിക്കാൻ സിപിഎം കേന്ദ്ര നേതാക്കൾ തന്നെ ശ്രമങ്ങൾ നടത്തി വിജയവും കണ്ടു. ബിജെപിക്ക് കേരളത്തില്‍ സ്വീകാര്യതയുണ്ടെന്ന വാദം തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാനും അതുവഴി സിപിഎമ്മിന് കഴിഞ്ഞു. കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സിപിഎം എടുക്കുന്ന മുൻകരുതലായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
അതിനിടയിലും ബിജെപിയെ ഒരു സാധ്യതയായി കാണുന്നവരുണ്ടെന്ന തരത്തിലും ചർച്ചകൾ സജീവമാണ്. കോൺഗ്രസ് മുൻ എംഎല്‍എയും മുൻ പാലക്കാട് ഡിസിസി പ്രസിഡന്‍റുമായ എവി ഗോപിനാഥ് കോൺഗ്രസ് വിട്ടെങ്കിലും എവിടേക്കാണ് പോകുന്നതെന്ന് ഇനിയും പരസ്യമായി നിലപാട് സ്വീകരിച്ചിട്ടില്ല. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ ബിജെപിയുടെ സ്വാധീനവും സ്വന്തം പ്രതിച്ഛായയും ഉടൻ സിപിഎമ്മിലേക്ക് പോകേണ്ടതില്ല എന്ന തരത്തില്‍ തീരുമാനമെടുക്കാൻ എവി ഗോപിനാഥിനെ പ്രേരിപ്പിച്ചതായാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ നല്‍കുന്ന സൂചന. ഒരു പക്ഷേ പാലക്കാട്ടെ ബിജെപി നേതൃത്വം നല്‍കുന്ന ഓഫറിന് അനുസരിച്ചായിരിക്കും എവി ഗോപിനാഥ് സ്വന്തം ഭാവി പ്രഖ്യാപിക്കുക.
വരത്തൻമാർ ചെങ്കൊടിയേന്തുമ്പോൾ സിപിഎമ്മില്‍ സംഭവിക്കുന്നത്
വെറുതെ കിട്ടുന്നതല്ല സിപിഎം മെമ്പർഷിപ്പ് എന്ന് രാഷ്ട്രീയം അറിയാവുന്നവരോട് പ്രത്യേകം പറയേണ്ടതില്ല. ഗ്രൂപ്പ് മെമ്പറായി, കാൻഡിഡേറ്റ് മെമ്പറായി ഒടുവില്‍ പ്രവർത്തന മികവ് പരിഗണിച്ചാണ് പാർട്ടി മെമ്പർഷിപ്പ് ലഭിക്കുക. വർഷങ്ങൾ നീളുന്ന ആ കടമ്പ കഴിഞ്ഞുവന്നവർ ബ്രാഞ്ച് കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും വർഷങ്ങളായി തുടരുമ്പോഴാണ് മറ്റ് രാഷ്ട്രീയ പാർട്ടികളില്‍ നിന്ന് വരുന്നവർക്ക് സിപിഎം സംസ്ഥാന നേതൃത്വം ചുവന്ന പരവതാനി വിരിക്കുകയും വലിയ പദവികൾ വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മില്‍ കൂടുമാറ്റക്കാരുടെ വരവ് വലിയ ചർച്ചയാകും.
1980കളില്‍ മലപ്പുറം പോലെ സിപിഎമ്മിന് ബാലികേറാമലയായിരുന്ന പ്രദേശത്ത് ടികെ ഹംസയെ പോലൊരു നേതാവിനെ ലഭിക്കുന്നത് പോലെയാകില്ല കെപി അനില്‍ കുമാറും പിഎസ് പ്രശാന്തും വരുമ്പോഴുള്ള സാഹചര്യം. പക്ഷേ രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് നന്നായി അറിയാവുന്ന സിപിഎം കെപി അനില്‍ കുമാറിനെ പോലെയുള്ളവരെ എങ്ങനെയാകും ഉപയോഗിക്കുക എന്നറിയാൻ അധികം കാത്തിരിക്കേണ്ടി വരില്ല. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ച സാഹചര്യത്തില്‍ പുറത്തുനിന്ന് വന്നവർക്ക് സമ്മേളനങ്ങളുടെ സംഘാടനം അടക്കം നിരവധി സാധ്യതകൾ തുറന്നു കിടക്കുന്നുണ്ട്.
അതിനൊപ്പം കേരളത്തില്‍ പൂർണമായും കോൺഗ്രസ് തകർന്നടിഞ്ഞുവെന്നും കോൺഗ്രസിന്‍റെ സംസ്ഥാന നേതാക്കൻമാർ പോലും സിപിഎമ്മിലേക്ക് വരികയാണെന്നും സ്ഥാപിക്കുക എന്ന് കൂടി പാർട്ടി ലക്ഷ്യമിടുന്നുണ്ട്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നീക്കം. കോഴിക്കോട് എംപി എംകെ രാഘവന് എതിരായ ആരോപണങ്ങൾക്ക് തിരികൊളുത്താൻ കെപി അനില്‍ കുമാർ, മാവേലിക്കരയില്‍ കൊടിക്കുന്നിലിന് എതിരെ ജി രതികുമാർ എന്നിവരെയെല്ലാം അങ്ങനെ കണ്ടെത്തിയതാകും.
ഒരു ചുക്കും സംഭവിക്കില്ലെന്ന് പറയുമ്പോഴും
ആരെല്ലാം പോയാലും കേരളത്തിലെ കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവർത്തിച്ച് പറയുന്നത്. അതിന് അവർ ഉദാഹരണമായി പറയുന്നത് കെ കരുണാകരൻ കോൺഗ്രസ് വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിട്ടിയിട്ടും അതിനെ കോൺഗ്രസ് അതിജീവിച്ച കാര്യമാണ്. കോൺഗ്രസ് രണ്ടായി പിളർന്ന ശേഷം ആന്‍റണിയും കരുണാകരനും തമ്മില്‍ നടന്ന പോരും അതിനു ശേഷവും കോൺഗ്രസ് കരുത്താർജിച്ചതുമെല്ലാം സൈബർ ലോകത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ പ്രചരിപ്പിക്കുന്നുണ്ട്.
അതിനൊപ്പം പുറത്തു പോകുന്നവർ മാലിന്യങ്ങളാണെന്ന ആക്ഷേപവും ഒരേ സ്വരത്തില്‍ കോൺഗ്രസ് നേതാക്കൻമാർ ഉന്നയിക്കുന്നുണ്ട്. പുറത്തുപോകുന്നവരെ പരസ്യമായി തള്ളിപ്പറയുന്നുണ്ടെങ്കിലും കൂടുതല്‍ പേർ പുറത്തുപോകുന്നത് തടയാനുള്ള ശ്രമങ്ങൾ അണിയറയില്‍ കോൺഗ്രസ് നേതാക്കൻമാർ തന്നെ നേരിട്ട് നടത്തുന്നുമുണ്ട്. മധ്യ കേരളത്തില്‍ നിന്നുള്ള ഒരു എംഎല്‍എ പാർട്ടി വിടുമെന്ന പ്രചാരണം കൂടി ശക്തമായതോടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമങ്ങളിലാണ് കോൺഗ്രസ് നേതൃത്വം.
അതിനിടയിലും അവസരം ലഭിക്കുമ്പോഴെല്ലാം നിലവിലെ സംസ്ഥാന നേതൃത്വത്തിന് എതിരെ ശബ്‌ദമുയർത്താൻ പഴയ പടക്കുതിരകൾ ശ്രമിക്കുന്നുണ്ട്. പുതിയ നേതൃത്വം കൊണ്ടുവന്ന സെമി കേഡർ സംവിധാനത്തെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്നിനെ കുറിച്ച് അറിയില്ലെന്നാണ് യുഡിഎഫ് കൺവീനറായ എംഎം ഹസൻ പറഞ്ഞത്. അതേസമയം, കേരളത്തിലെ കോൺഗ്രസില്‍ ഏകാധിപത്യവും സംഘപരിവാർ വല്‍ക്കരണവുമാണ് നടക്കുന്നതെന്നാണ് പുറത്തുപോയവരുടെ വാദം. ഈ അഭിപ്രായം മനസിലുള്ള കൂടുതല്‍ പേർ ഉടൻ കോൺഗ്രസ് വിടുമെന്നും ഇവർ പറയുന്നുണ്ട്.
ഇനി വരാനിരിക്കുന്നത് ഡിസിസികളുടെ പുന:സംഘടനയാണ്. പഴയ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പ് ഇനിയുണ്ടാകില്ല എന്ന് പറയുമ്പോഴും മുതിർന്ന നേതാക്കൻമാരുമായി ചർച്ച നടത്തുമെന്ന് കെ സുധാകരനും വിഡി സതീശനും പറയുന്നുണ്ട്. അതിനൊപ്പം മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ നിലപാടുകളും നിർണായകമാണ്. ഡിസിസി പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ പരസ്യ പ്രതിഷേധത്തിന് ശേഷം അണിയറയിലേക്ക് പിൻവാങ്ങിയ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പൂർവാധികം ശക്തമായി തിരിച്ചുവരുന്നത് ഡിസിസി പുന:സംഘടനയിലാകും.
രാഷ്ട്രീയം എന്താണെന്ന് അറിഞ്ഞ നാൾ മുതല്‍ ദശാബ്‌ദങ്ങളോളം കൈപ്പത്തി ചിഹ്നം മനസിലും പ്രവൃത്തിയിലും സൂക്ഷിച്ചവർ ഒറ്റ ദിവസം കൊണ്ട് കോൺഗ്രസിനോട് വിട പറയുമ്പോൾ കേവലം ഡിസിസി പ്രസിഡന്‍റ് സ്ഥാനം ലഭിക്കാത്തത് മാത്രമല്ല പ്രശ്നം, കോൺഗ്രസില്‍ സംഭവിക്കുന്ന അധികാര കൈമാറ്റത്തില്‍ തങ്ങളുടെ സ്ഥാനം, വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുന്ന ഗ്രൂപ്പുകളുടെ നിലവിലെ അവസ്ഥ, കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസിന്‍റെയും തങ്ങളുടെയും ഭാവി, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ്, സിപിഎമ്മിലെത്തിയാല്‍ ലഭിക്കുന്ന ബോർഡ്- കോർപ്പറേഷൻ സ്ഥാനങ്ങൾ എന്നിവയെല്ലാം കൂടുമാറ്റക്കാരുടെ ചിന്തയില്‍ വന്നിട്ടുണ്ടാകണം.