തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വെക്കാനാണ് കെ.ഷാജിയെ പോലുള്ളവര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം കേസുകളുടെ നടത്തിപ്പിന് ചെലവഴിക്കുന്നുവെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് വഴിവിട്ട ഇടപാടുകൾ നടത്തിയവർക്ക് എല്ലാവരും അങ്ങനെയാണെന്ന് തോന്നൽ ഉണ്ടാകുമെന്നും എല്ല വിഭാഗം ജനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് സർക്കാരിൽ ജനങ്ങള്‍ക്കുള്ള വിശ്വാസം കൊണ്ടാണെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിക്കും സർക്കാരിനും നേരെ കെ.ഷാജി നടത്തിയ ആരോപണങ്ങള്‍ ഒരിക്കലും ഒരു രാഷ്ട്രീയ നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു. സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെയും യുഡിഎഫിന്‍റെയും ശ്രമമെന്നും കോടിയേരി പറഞ്ഞു.