തിരുവനന്തപുരം: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഗാന്ധിജിയെ കൊന്ന കൊലയാളി സംഘം കത്തി താഴെവച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. വർഗീയതക്കെതിരായി പോരാടുന്നവരെ കൊലക്കത്തിക്ക് ഇരയാക്കുകയും മതനിരപേക്ഷതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അരിഞ്ഞുതള്ളുകയാണ് അവർ.
രാജ്യം നേടിയ നേട്ടങ്ങൾ നിലനിർത്താൻ ഗാന്ധിജിയെ കൊന്ന കൊലയാളി സംഘം കേന്ദ്ര ഭരണത്തിൽ നിന്ന് പുറത്തു പോകണം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തവർ ഭരണാധികാരത്തിലിരുന്ന് നാടിനെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഗാന്ധിസ്‌മൃതി പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കോടിയേരി. ആർഎസ്എസുകാർ ആണ് ഗാന്ധിജിയെ വധിച്ചത്. ഗോഡ്സെ ആസൂത്രിതമായാണ് അത് നടത്തിയത്. ഗാന്ധിജിയുടെ മരണം ആർഎസ്എസിനെ ജനങ്ങൾ വെറുക്കാൻ കാരണമായി. ആർഎസ്എസിനെ നിരോധിച്ച കോൺഗ്രസ് സര്‍ക്കാര്‍ പിന്നീട് ആ നിരോധനം നീക്കി.
മതത്തിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ആർഎസ്എസ്. സ്വത്വബോധം, ജാതിബോധം, പ്രാദേശികവാദം എന്നിവ ഇളക്കി വിടുകയാണ്. കേന്ദ്ര സർക്കാരിൻ്റെ ആശീർവാദത്തോടെയാണ് ഇത് നടക്കുന്നത്. ഗോഡ്സെയെ ദൈവമായി അവതരിപ്പിക്കാനാണ് ഇപ്പോൾ ശ്രമം. ഗോഡ്സേയെ മഹത്വവത്കരിക്കുന്നതിലൂടെ ഗാന്ധിജിയെപ്പോലെ മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുന്നവരെ വധിക്കുക എന്ന സന്ദേശമാണ്
നൽകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
Also read: ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല