തിരുവനന്തപുരം: തൃക്കാക്കരയിലെ ബിജെപിയുടെ കൊട്ടിക്കലാശത്തിന് പ്രസംഗിക്കാൻ തയ്യാറെടുത്ത പി.സി ജോർജിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് വിളിപ്പിച്ചത് അദ്ദേഹം മുഖ്യമന്ത്രിക്കു നൽകുന്ന മറുപടി സിപിഎം ഭയക്കുന്നതുകൊണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാർക്സിസ്റ്റ് പാർട്ടി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ നിലപാടിനോടും ചേർന്നു പോകുന്നതല്ല ഇത്തരം സംഭവങ്ങളെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം തൃക്കാക്കര തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും മുരളീധരൻ പറഞ്ഞു. രണ്ടു മുന്നണികളും ബിജെപിയെയാണ് ഭയക്കുന്നത്. സിപിഎം പറയുന്നത് കോൺഗ്രസുമായി ബിജെപിക്ക് രഹസ്യ ധാരണ ഉണ്ടെന്നാണ്. കോൺഗ്രസ് തിരിച്ചും ഇതേ ആരോപണം ഉന്നയിക്കുന്നു. രണ്ടു മുന്നണികളും ബിജെപിയെയാണ് ഭയക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.
പോപ്പുലർ ഫ്രണ്ടിൻ്റെ ആലപ്പുഴയിലെ റാലിയിലെ വിവാദ മുദ്രാവാക്യം വിളിയിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മുദ്രാവാക്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
ആലപ്പുഴയിലെ സംഭവം സമൂഹമാധ്യമങ്ങളിൽ വന്നപ്പോഴാണ് അതിനെതിരെ നടപടിയെടുക്കാൻ തയ്യാറായത്. ഭീകരവാദികളുടെ സ്വാധീനത്തിൽ നിൽക്കുന്ന സർക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. ഇത് വളരെ അപകടകരമാണെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.