തിരുവനന്തപുരം: അമ്പലപ്പുഴയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്‌ച അന്വേഷിച്ച സിപിഎം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങുന്ന കമ്മിഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന് പ്രവര്‍ത്തനത്തില്‍ വീഴ്‌ച വരുത്തിയതായി സമിതി കണ്ടെത്തിയെന്നാണ് സൂചന.
നടപടിക്ക് ശുപാര്‍ശയില്ല
ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ സുധാകരനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് ചര്‍ച്ചയ്‌ക്കെടുത്തില്ല.
കൊവിഡ് ബാധിതനായി ചികിത്സയിലുള്ള കോടിയേരി എത്തിയ ശേഷമാകും റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് പരിഗണിക്കുക. ഇത് പരിഗണിച്ച് എന്ത് നടപടി വേണമെന്ന് സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യും.
മാറി നിന്നതായി പരാതി
സംസ്ഥാന സമിതിയാണ് നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. രണ്ട് ടേം നിബന്ധനയെ തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന സുധാകരന്‍ എച്ച് സലാമിന്‍റെ പ്രചരണ പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ലെന്നാണ് പരാതി ഉയര്‍ന്നത്.
ഫണ്ട് സമാഹരണത്തിലടക്കം സുധാകരന്‍റെ ഭാഗത്ത് നിന്നും വീഴ്‌ചയുണ്ടായതായി സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന സമിതി രണ്ടംഗ അന്വേഷണ കമ്മിഷനെ പരാതി പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത്.
വീഴ്‌ചയില്‍ വിട്ടുവീഴ്‌ചയില്ല
സുധാകരന്‍റെയും പരാതി നല്‍കിയ എച്ച് സലാം അടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമ്മേളന കാലത്തിലേക്ക് കടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്‌ച സംബന്ധിച്ച നടപടികളില്‍ തീരുമാനമെടുക്കാന്‍ സിപിഎം വൈകിക്കില്ല.
തിരുവനന്തപുരം അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വീഴ്‌ചയുടെ പേരില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ മധുവിനെ ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്‌ചകളില്‍ വിട്ടുവീഴ്‌ചയില്ലെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവായ സുധാകരന്‍റെ കാര്യത്തില്‍ എന്ത് തീരുമാനമാണ് സിപിഎം എടുക്കുക എന്നതാണ് ഇനിയറിയേണ്ടത്.
Read more: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്‌ച : സുധാകരനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഎം റിപ്പോര്‍ട്ട്