തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തെ വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങൾക്കും ഉപയോഗിക്കുന്നത് അപലപനീയമെന്ന് സിപിഎം. മുസ്‌ലിം ലീഗ് ഉൾപ്പെടുന്ന യുഡിഎഫ് 2011 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നതാണ് സാമ്പത്തിക സംവരണം. എന്നാൽ ഇപ്പോൾ മുസ്‌ലിം ധ്രുവീകരണത്തിനായി മുസ്‌ലിം ലീഗ് ഇതിനെ എതിർക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിവാദം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും സിപിഎം പ്രസ്താവനയിൽ ആരോപിച്ചു.
നിലവിലുള്ള സംവരണ ആനുകൂല്യത്തിൽ കുറവൊന്നും വരുത്താതെയാണ് മുന്നാക്ക സംവരണം നടപ്പിലാക്കുന്നത്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉണ്ടായിരുന്ന കാര്യമാണ് ഇപ്പോൾ നടപ്പിലാക്കിയത്. പിന്നാക്കക്കാരുടെ സംവരണത്തിന് സാമ്പത്തികമായി പുറകിൽ നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് മുൻഗണന നൽകണം എന്ന നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സാമ്പത്തിക സംവരണത്തെ വിവാദമാക്കുന്ന നടപടികൾ ജനം തിരിച്ചറിയണമെന്നും സിപിഎം വ്യക്തമാക്കി.