തിരുവനന്തപുരം: യു.ഡി.എഫിൽ നിന്ന് ആരെയും അടർത്താൻ സി.പി.എം ശ്രമിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുമുന്നണി ആരെയെങ്കിലും കൊണ്ടുവരണമെന്ന ബേജാറിൽ നടക്കുന്നവരല്ല. യു.ഡി.എഫിനുള്ളിൽ അഭിപ്രായവ്യത്യാസവും സംഘർഷവും പടരുകയാണെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിൽ ഉണ്ടായിരുന്നവര്‍ ഇപ്പോൾ എൽ.ഡി.എഫിലാണ്. ഇക്കാര്യത്തിൽ എൽ.ഡി.എഫിന് രാഷ്ട്രീയ വ്യക്തതയുണ്ട്. നയപരമായി യോജിപ്പുള്ളവരെ മാത്രമേ ഒപ്പം കൂട്ടുകയുള്ളൂ. ഇത്തരത്തിൽ യോജിപ്പ് ഉണ്ടെങ്കിൽ അത് തുറന്നു പറയണം. രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ വിലപേശലിന് സി.പി.എം നിന്നു കൊടുക്കില്ല. കേരള കോൺഗ്രസിലെ ഒരു വിഭാഗത്തെയും ലക്ഷ്യം വച്ചുള്ള പ്രവർത്തനം നടത്തിയിട്ടില്ല. ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.