തിരുവനന്തപുരം : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശം അനുവദിക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചുവെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് സി.പി.എം. അത്തരം വാര്‍ത്തകള്‍ പലതും ഭാവന മാത്രമാണ്. സ്ത്രീപുരുഷ സമത്വം എല്ലാ രംഗങ്ങളിലും ഉണ്ടാകണമെന്നാണ് പാര്‍ട്ടി നിലപാട്. 1991ലെ ഹൈക്കോടതി വിധിയുടെ നടപ്പാക്കാനാണ് 2018വരെ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. 2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി വന്ന ശേഷം അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തത്.
ഇപ്പോഴത്തെ സുപ്രീംകോടതി വിധി അവ്യക്തത നിറഞ്ഞതാണെന്ന് നിയമവൃത്തങ്ങളില്‍ അഭിപ്രായമുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതാവശ്യമാണ്. ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.