തിരുവനന്തപുരം: പൂന്തുറയിലേത് പ്രദേശിക സൂപ്പർ സ്പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത് ആദ്യമായാണ് സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിക്കുന്നത്. ഒരാളിൽ നിന്നും 120 പേരിലേക്കും 120 പേരിൽ നിന്നും 160 പേരിലേക്കുമാണ് പൂന്തുറയിൽ രോഗം പകർന്നത്. രോഗം കൂടുതൽ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണം കൂടുതൽ കർശനമാക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
രോഗവ്യാപനമുണ്ടായ സ്ഥലങ്ങളിൽ കൂടുതൽ പരിശോധന നടത്തും. വേഗത്തിൽ രോഗം കണ്ടെത്തുന്നതിനും ഉടൻ തന്നെ ആശുപത്രിയിലാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പൂന്തുറയ്‌ക്ക് സമീപമുള്ള വാർഡുകളിലും ജാഗ്രത നിർദേശം നൽകി. പൂന്തുറയിലും പരിസര വാർഡുകളിലും 10ന് അണുനശീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാട്ടിലേക്ക് കടൽമാർഗം ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് പോകുന്നത് തടയും. മേഖലകളിൽ ബോധവത്കരണത്തിനായി മത സാമുദായിക നേതാക്കളുടെ സഹായം തേടി.
പൂന്തുറയിലെ മൂന്ന് വാർഡുകളിൽ എല്ലാ വീടുകളിലും അഞ്ച് കിലോ അരി വീതം നൽകും. 0,1,2,3 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് ഒമ്പതാം തിയതിയും 4,5,6 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് 10നും 7,8,9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകാർക്ക് 11 നുമാണ് റേഷൻ വിതരണം ചെയ്യുന്നത്. ഇതിനായി രാവിലെ 7 മുതൽ 11 വരെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.